ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
ദുബൈ: എമിറേറ്റിലെ നഴ്സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് പത്തുവർഷ വിസ അനുവദിച്ചത്. കഴിഞഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സമൂഹത്തിനും വിദ്യഭ്യാസ മേഖലക്കും നൽകിവരുന്ന സംഭാവനകളെ മാനജിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളുള്ള വിസ അനുവദിച്ചത്.
മുന്നോട്ടുള്ള പാത തെളിയിക്കുന്നവരാണ് അധ്യാപകരെന്നും അവർ പ്രചോദകരും വഴികാട്ടികളും കുട്ടികളെ വിജയത്തിനായി ഒരുക്കുന്നവരുമാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ലോക അധ്യാപക ദിനത്തിന്‍റെ പശ്ചാത്തലത്തിൽ അവരെ പിന്തുണക്കുന്നത് ദുബൈയുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസക്കായി ലഭിച്ചത്. അതിൽ നിന്ന് 223 അധ്യാപകരെ തിരഞ്ഞെടുത്താണ് വിസ അനുവദിച്ചത്. വിവിധ യോഗ്യതകൾ, നേട്ടങ്ങൾ, വിദ്യാഭ്യാസത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ, വിദ്യാർഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള പോസിറ്റീവ് ഫീഡ്‌ബാക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. അനുവദിച്ച വിസകളിൽ 157 എണ്ണം സ്കൂൾ ജീവനക്കാർക്കും, 60 എണ്ണം യൂനിവേഴ്സിറ്റി ഫാക്കൽറ്റികൾക്കും, ആറ് എണ്ണം നഴ്സറി അധ്യാപകർക്കുമാണ്. അധ്യാപകർക്കായി രണ്ടാം റൗണ്ട് ഗോൾഡൻ വിസകൾക്കുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.