ദുബൈ താമസ കുടിയേറ്റ വകുപ്പ് സംഘടിപ്പിച്ച ഇമാറാത്തി വനിതദിന ആഘോഷ
പരിപാടിയിലെ സദസ്സ്
ദുബൈ: ഇമാറാത്തി വനിതദിനം പ്രൗഢമായി ആഘോഷിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). ‘കൈ കോർത്ത്, നമ്മൾ 50ാം വാർഷികം ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലായിരുന്നു ആഘോഷം. സ്ഥാപനത്തിലെ മുതിർന്ന വനിത ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
ജി.ഡി.ആർ.എഫ്.എയുടെ പ്രധാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർരി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇമാറാത്തി സ്ത്രീകളുടെ ഉന്നത പദവിയെയും രാജ്യ വികസനത്തിൽ അവരുടെ പങ്കിനെയും കുറിച്ച് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി സംസാരിച്ചു. ഇമാറാത്തി സ്ത്രീകളുടെ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തിയ ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. സ്ഥാപനത്തിലെ മികച്ച വനിത ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി ആരംഭിച്ച ജി.ഡി.ആർ.എഫ്.എ ദുബൈ പയനിയേഴ്സ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
തങ്ങളുടെ കഴിവും സമർപ്പണവുംകൊണ്ട് വേറിട്ടുനിന്ന 44 വനിത ജീവനക്കർക്കാണ് പുരസ്കാരം. 30 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ വനിത ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നും സ്ത്രീകളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും ജി.ഡി.ആർ.എഫ്.എ പ്രതിജ്ഞാബദ്ധമാണെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഇത് വെറുമൊരു ആഘോഷമല്ലെന്നും രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് ആരംഭിച്ച സ്ത്രീ ശാക്തീകരണ യാത്രയെ ആദരിക്കുന്ന ദേശീയ അവസരമാണിതെന്നും ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.