അബൂദബി: റസ്റ്റാറന്റിലെ പാചകവാതക പൈപ്പ് ചോര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. നഗരത്തില്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ അല്‍ ഫലാഹ് പ്ലാസക്കു സമീപത്തെ റസ്റ്റാറന്റിലാണ് അപകടമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്റാറന്റിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. റസ്റ്റാറന്റിലെ പാചകത്തൊഴിലാളി അടക്കമുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് റസ്റ്റാറന്റ് അടച്ചു. തിരക്ക് കുറഞ്ഞ സമയമായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
അപകടത്തില്‍ റസ്റ്റാറന്റിന്റെ ചില്ലുകള്‍ പൊട്ടിച്ചിതറി. ഈ ചില്ലുകള്‍ തറച്ചാണ് രണ്ടുപേര്‍ക്കു പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്കുകള്‍ ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായ ഉടന്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിച്ച അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗവും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
2022 മേയ് മാസം അബൂദബി ഖാലിദിയയിലെ റസ്റ്റാറന്റ് കെട്ടിടത്തിന്റെ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് വന്‍ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ രണ്ടു മലയാളികളും മരിച്ചിരുന്നു. മലയാളികള്‍ നടത്തിവന്ന ഫുഡ് കെയര്‍ റസ്റ്റാറന്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പാചകവാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആദ്യം നേരിയ തോതില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കുശേഷം തുടര്‍ പൊട്ടിത്തെറികള്‍ സംഭവിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.