അബൂദബി: വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവണതകളും, ഭാവി സാധ്യതകളും ചർച്ചചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസിന് അബൂദബി യൂനിവേഴ്സിറ്റിയിൽ തുടക്കമായി. രണ്ടുദിവസം നീളുന്ന സമ്മേളനം അബൂദബി ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്ത അധ്യാപക സമ്മേളനത്തോടെയാണ് ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസിന് തുടക്കം കുറിച്ചത്. ആരോഗ്യപ്രവർത്തകരെ പോലെ കോവിഡ് കാലത്ത് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവന്നവരാണ് അധ്യാപക സമൂഹമെന്ന് ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ എംബസി വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗത്ത് പുതിയ സാങ്കേതികവിദ്യകളും, അധ്യയനരീതികളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അധ്യാപകരും വിദ്യാർഥികളും തമ്മിൽ നടത്തുന്ന വ്യക്തിപരമായ ആശയവിനിമയത്തിലെ പാഠങ്ങളാണ് സ്വാധീനം ചെലുത്തുകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബൂദബി സർവകലാശാല പ്രോവോസ്റ്റ് പ്രഫ. തോമസ് ജെ. ഹോസ്റ്റെറ്റ്ലർ പറഞ്ഞു. സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് ആർതി സി. രാജരത്നം, ഡോ. ശ്രീതി നായർ, ഡോ. സംഗീത് ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.
ടീൻസ്റ്റെർ അബൂദബി, അബൂദബി യൂനിവേഴ്സിറ്റി, സ്കൈഡെസ്റ്റ്, മേക്കേഴ്സ് മീഡിയ എന്നിവയുമായി കൈകോർത്താണ് രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മെഹർബാൻ മുഹമ്മദ് അധ്യക്ഷനായി. അബൂദബി ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട് എന്നിവർ സന്നിഹിതരായി. മുഹമ്മദ് സാദിഖ് കൊണ്ടോട്ടി സ്വാഗതവും സാബിർ അബ്ദുല്ല നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്ച വിദ്യാർഥികൾക്കു വേണ്ടിയുള്ള പരിശീലന പരിപാടി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.