ഭക്ഷ്യസുരക്ഷാ ലംഘനം: അബൂദബിയില്‍ 'നോബിള്‍ കേറ്ററിങ് സര്‍വീസസ്' പൂട്ടി

അബൂദബി: ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളെ തുടര്‍ന്ന് അബൂദബിയിലെ 'നോബിള്‍ കേറ്ററിങ് സര്‍വീസസ്' എന്ന സ്ഥാപനം അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) താല്‍ക്കാലികമായി പൂട്ടി. സി.എന്‍ -1515090 കൊമേഴ്സ്യല്‍ ലൈസന്‍സ് നമ്പറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ നിയമവും അനുബന്ധ സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ പരിശോധന നടത്തി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്തൽ നടപടികള്‍ സ്വീകരിക്കാൻ സ്ഥാപനം തയാറായിരുന്നില്ല.

തുടര്‍ച്ചയായി നിയമലംഘനം നടത്തിയത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് അഡാഫ്സ ഇന്‍സ്‌പെക്ടര്‍മാരുടെ അടിയന്തര ഇടപെടലുണ്ടായത്. വീഴ്ചകളെല്ലാം പൂര്‍ണമായി പരിഹരിക്കുകയും എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്തെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ സ്ഥാപനത്തിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധനകളാണ് എമിറേറ്റിലുടനീളം നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 18 മാസത്തിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ച 69 ഭക്ഷ്യസ്ഥാപനങ്ങളാണ് അബൂദബിയില്‍ പൂട്ടിച്ചത്. ഐകാഡില്‍ പ്രവര്‍ത്തിക്കുന്ന 'ജബല്‍ സിയാല്‍കോട്ട്' റസ്റ്റോറന്റും പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റായ 'യമ്മി ഇന്ത്യന്‍ ബൈറ്റും' മാനദണ്ഡ ലംഘനങ്ങളെ തുടര്‍ന്ന് അടപ്പിച്ചിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ഭക്ഷ്യസുരക്ഷയും സേവന നിലവാരവുമായി ബന്ധപ്പെട്ട് 7,154 പരാതികളാണ് അഡാഫ്സക്ക് ലഭിച്ചത്. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അബൂദബി സര്‍ക്കാറിന്റെ 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.

Tags:    
News Summary - Food safety violation Noble Catering Services closed in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.