അബൂദബിയിലെ ക്ലീവ്​ലാൻഡ്​ ക്ലിനിക്​

രോഗികളെ ആശുപത്രിയിലെത്തിക്കാനും പറക്കും ടാക്​സികൾ

അബൂദബി: പറക്കും ടാക്സികൾ വിവിധ എമിറേറ്റുകളിൽ സർവീസ്​ ആരംഭിക്കാനിരിക്കെ രോഗികളെ ആശുപത്രിയിലെത്തിക്കാനും നൂതന ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു. യു.എ.ഇയിൽ ആദ്യമായി അബൂദബിയിലെ ക്ലീവ്​ലാൻഡ്​ ക്ലിനിക്കിലാണ്​ ഇതിനായി സംവിധാനം ഒരുക്കുന്നത്​. പറക്കും ടാക്സികൾക്ക്​ വന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്നതിന്​ ഇവിടെ ‘വെർടിപോർട്’ ​ നിർമിക്കും. നിലവിൽ ആശുപത്രിയിലുള്ള ഹെലിപ്പാട്​ ഇലക്​ട്രിക്​ പറക്കും ടാക്സികൾക്ക്​ കൂടി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ മാറ്ററംവരുത്തിയാണ്​ സംവിധാനം ഒരുക്കുന്നത്​.

ആർച്ചർ ഏവിയേഷനുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. ആശുപത്രിയിലേക്ക്​ അതിവേഗത്തിൽ രോഗികളെ എത്തിക്കാനും നിർണായകമായ അവയവമാറ്റ ശാ്​സത്രക്രിയകൾക്കും പറക്കും ടാക്സികൾ സഹായകരമാകും. സാധാരണ കര മാർഗമുള്ള ഗതാഗതത്തിലെ തടസങ്ങൾ ബാധിക്കാത്തതിനാൽ രോഗികളുടെ ജീവൻ രക്ഷിക്കാനിത്​ സഹായിക്കും. നാലുപേർക്ക്​ യാത്ര ചെയ്യാൻ സാധിക്കുന്ന ആർച്ചർ ഏവിയേഷന്‍റെ ഇലക്​ട്രിക്​ എയർക്രാഫ്​റ്റായ ‘മിഡ്​നൈറ്റാ’കും ആശുപത്രിയിൽ ഉപയോഗിക്കുക.

മേഖലയിലെ ആദ്യ മിഡ്നൈറ്റ് പറക്കും ടാക്സി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് യു.എസ് ആസ്ഥാനമായ ആര്‍ചര്‍ ഏവിയേഷന്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ആര്‍ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും കഴിഞ്ഞവര്‍ഷം വലിയ നിക്ഷേപം ലഭിച്ചിരുന്നു. 2025ല്‍ യു.എ.ഇയില്‍ വാണിജ്യതലത്തില്‍ എയര്‍ടാക്സികള്‍ ആരംഭിക്കുകന്നതിനായി അൂദബിയിലെ സുപ്രധാനകേന്ദ്രങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യമായിരുന്നു കമ്പനി നിക്ഷേപം സ്വീകരിച്ചതിനു പിന്നില്‍.

വെര്‍ട്ടിപോര്‍ട്ട് നിര്‍മാണം, എയര്‍ ടാക്സി ഓപറേഷന്‍ സാധ്യമാക്കല്‍, അബൂദബിയില്‍ തന്നെ മിഡ്നൈറ്റ് വിമാനങ്ങള്‍ നിര്‍മിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അബൂദബി നിക്ഷേപ ഓഫിസുമായി ആര്‍ചര്‍ സഹകരിച്ചുവരുന്നത്. 2026ല്‍ പറക്കും ടാക്‌സികള്‍ക്ക് ടേക്ക്ഓഫ് ചെയ്യാനും ലാന്‍ഡിങ് നടത്താനും സര്‍വീസ് സൗകര്യമൊരുക്കുന്നതിനുമായി അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫ പോര്‍ട്ട് എന്നിവിടങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Flying taxis will also take patients to the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.