ദുബൈ: ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ’ എന്ന സാംസ്‌കാരിക പരിപാടിയുടെ പ്രഥമ പതിപ്പ് ആഗസ്റ്റ് 29ന് ദുബൈ എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്‌സിബിഷൻ സെന്‍ററിൽ നടക്കും. സഹകരണ, സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ 20,000ത്തിലധികം പേർ പങ്കെടുക്കും.
യു.എ.ഇയിലെ വിവിധ പ്രവാസി സമൂഹങ്ങളുടെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ‘എമിറേറ്റ്‌സ് ലവ്‌സ്’ പരമ്പരയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ' പേജ്, യു.എ.ഇ-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ക്ലബ്, ഫലസ്തീനിയൻ ബിസിനസ് കൗൺസിൽ ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്‌സ് എന്നിവർ ചേർന്നാണ് പരിപാടി ഒരുക്കുന്നത്. യു.എ.ഇയിലെ ഫലസ്തീനിയൻ സമൂഹത്തെ ആദരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും സാമൂഹിക-സാംസ്കാരിക ബന്ധങ്ങളും ശക്തമാക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
ഫലസ്തീനിയൻ സംഗീതം, നാടൻ കലകൾ, കോമഡി ഷോകൾ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അരങ്ങേറും. പ്രശസ്ത ഫലസ്തീനിയൻ കലാകാരൻ മുഹമ്മദ് അസ്സാഫ്, കോമേഡിയൻ ഇമാദ് ഫറാജിൻ എന്നിവരുടെ സാന്നിധ്യം സാംസ്‌കാരിക പരിപാടിക്ക് മിഴിവേകും.
ഫലസ്തീനിയൻ പാരമ്പര്യ ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും എക്സിബിഷൻ, തദ്ദേശീയ സംരംഭങ്ങളുടെ പ്രദർശനം, പരമ്പരാഗത ഫലസ്തീനിയൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക ഭക്ഷ്യമേള എന്നവയും പരിപാടികയുടെ ഭാഗമായി നടക്കും. സഹിഷ്ണുത, സഹവർത്തിത്വം, സംസ്കാരങ്ങളുടെ പരസ്പര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയുടെ കാഴ്ചപ്പാടിനെയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.