തീപ്പിടിത്തത്തിൽ കത്തിയമരുന്ന കെട്ടിടം (ഫയൽ ചിത്രം)
ദുബൈ: ചൂടു കൂടുന്ന സാഹചര്യത്തിൽ താമസകെട്ടിടങ്ങളിൽ അഗ്നിബാധ തടയാൻ സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി. യു.എ.ഇയിൽ തീപിടിത്ത കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സുരക്ഷ മുന്നറിയിപ്പ്. 2022ൽ രാജ്യത്ത് 3,000 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2,169 എണ്ണവും കെട്ടിടങ്ങളിലാണ്. 2021നെ അപേക്ഷിച്ച് മൂന്നു ശതമാനവും 2020നെ അപേക്ഷിച്ച് 10 ശതമാനവും അധികമാണിതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം തീപിടിത്തങ്ങളും റസിഡൻഷ്യൽ ഏരിയകളിലാണ്. 1,385 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.
വാണിജ്യ കെട്ടിടങ്ങളിൽ 256ഉം ഫാമുകളിൽ 153ഉം പൊതു സേവന കേന്ദ്രങ്ങളിൽ 122ഉം തീപിടിത്തങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അബൂദബിയിൽ ഏപ്രിൽ 16ന് നടന്ന തീപിടിത്തത്തിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രവർത്തക ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ട സംഭവത്തിന് പിറകെയാണ് ആഭ്യന്തര മന്ത്രാലയം തീപിടിത്ത കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ കഴിഞ്ഞ വർഷം അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം വ്യക്തമാക്കുന്നില്ല.
കഴിഞ്ഞ വർഷം അബൂദബിയിൽ 860 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അജ്മാനിൽ 396ഉം ദുബൈയിൽ 321ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. ഷാർജ, ഫുജൈറ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിൽ യഥാക്രമം 149, 148, 69 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട തീപിടിത്ത കേസുകൾ. ഇതിൽ 20 എണ്ണം വലിയ തീപിടിത്തങ്ങളും 37 എണ്ണം ചെറിയ തീപിടിത്തങ്ങളുമാണ്.
ഇലക്ട്രിക്കൽ വയറിങ്ങിന്റെ കൃത്യമായ അറ്റുകുറ്റപ്പണിയുടെ അഭാവവും അഗ്നിസുരക്ഷ ഉപകരണങ്ങൾ സജ്ജീകരിക്കാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണം. ഗുണമേൻമ കുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങളും തീപിടിത്തത്തിന് കാരണമാണ്. അതേസമയം, അഗ്നിബാധയുടെ നിലവിലെ കണക്കുകൾ സുരക്ഷ നിയമങ്ങളുടെ പ്രാധാന്യമാണ് അടിവരയിടുന്നതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി തലവൻ സമി അൽ നഖ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.