അബൂദബി: വില്ലകളിലും അപാർട്മെന്റുകളിലും നിശ്ചിത എണ്ണത്തിലും കൂടുതൽ പേർ ഒരുമിച്ചു താമസിച്ചാൽ വൻതുക പിഴ ചുമത്തുമെന്ന് അബൂദബി മുനിസിപ്പാലിറ്റീസ്, ഗതാഗത വകുപ്പ് അറിയിച്ചു. ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. വ്യാഴാഴ്ചയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
ഇതിന്റെ ഭാഗമായി അടുത്ത വർഷം ആദ്യമാസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 10ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ മൂന്നു മുനിസിപ്പാലിറ്റികളിലെയും ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റെസിഡൻഷ്യൽ യൂനിറ്റുകളിൽ അതിന്റെ വിസ്തീർണത്തിനും നൽകിയിട്ടുള്ള സൗകര്യങ്ങൾക്കും ആനുപാതികമല്ലാത്ത രീതിയിൽ താമസക്കാരെ ഉൾപ്പെടുത്തിയാൽ നിയമ നടപടി സ്വീകരിക്കാവുന്നതാണ്.
അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പുതിയ കാമ്പയിനിലൂടെ എമിറേറ്റിലെ താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുകയും സുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ റെസിഡൻഷ്യൽ കെട്ടിടത്തിലും നിശ്ചിത എണ്ണം ആളുകളെ മാത്രം താമസിപ്പിച്ച് നിയമം അനുസരിക്കണമെന്ന് അധികൃതർ പൗരന്മാരോടും റിയൽ എസ്റ്റേറ്റ് ഉടമകളോടും ബിസിനസുകാരോടും ആവശ്യപ്പെട്ടു. നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരാഴ്ചക്കുള്ളിൽ നിയമലംഘകന് ‘തമ്മ്’ പ്ലാറ്റ്ഫോം വഴി പരാതി സമർപ്പിക്കാൻ സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുമ്പോൾ മാനുഷിക സാഹചര്യങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന നമ്പറിൽ വിളിച്ച് താമസക്കാർക്ക് മുനിസിപ്പൽ സ്ഥാപനങ്ങളെ വിവരമറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.