പ്രതികളുടെ വിവരങ്ങൾ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസി വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണം തട്ടുന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്. ബാക്കിയുള്ള മൂന്നു പേരിൽ ആഫ്രിക്കൻ പൗരൻ യു.എ.ഇയിൽ ഒളിവിലും ഏഷ്യക്കാരായ രണ്ട് പ്രതികൾ രാജ്യത്തിന് പുറത്തുമാണ്.
വ്യാഴാഴ്ച ഷാർജ പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രതികളിൽ നിന്ന് 173 വ്യാജ ബാങ്ക് കാർഡുകൾ, 132 ചെക്ക് ബുക്കുകൾ, 21 സ്മാർട്ട്ഫോണുകൾ, 18 എമിറേറ്റ്സ് ഐ.ഡികൾ, ആറ് വ്യാജ കമ്പനി സ്റ്റാമ്പുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ‘കേസ് 173’ എന്ന് പേരിട്ട നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്ന് അൽ ശംസി വ്യക്തമാക്കി.
വ്യാജ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വിവിധ എ.ടി.എമ്മുകളിൽ നിന്നായി 30 ലക്ഷത്തിലധികം ദിർഹമാണ് സംഘം പിൻവലിച്ചത്. തിരിച്ചറിയാത്ത 11 അക്കൗണ്ടുകളിൽ നിന്നായാണ് വൻ തുക സംഘം പിൻവലിച്ചത്. പരിശോധനക്കിടെ പ്രതികളിൽ നിന്ന് 95,320 ദിർഹമിന്റെ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഉമർ അബു അൽ സൗദ് ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.