റാസല്‍ഖൈമ: ഏഴു പതിറ്റാണ്ടായി തുഴയുന്ന ജീവിത നൗകയില്‍ 48 വര്‍ഷവും അറേബ്യന്‍ മരുഭൂമിയില്‍ ഒരു സ്ഥാപനത്തില്‍ മാത്രം നങ്കൂരമിട്ട കൊടുങ്ങല്ലൂര്‍ ആല വാക്കാട്ട് വീട്ടില്‍ സുരേന്ദ്രന് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. മിഡിലീസ്റ്റിലെ പ്രഥമ ക്ഷീരകേന്ദ്രമായ ദിഗ്ദാഗ ഡെയറി ഫാമില്‍ 22ാം വയസ്സില്‍ തുടങ്ങിയ ജോലിയില്‍നിന്ന് 70ാമത്തെ വയസ്സിലാണ് സുരേന്ദ്രന് വിരമിക്കുന്നത്. 1975 ജനുവരി അഞ്ചിനാണ് താന്‍ യു.എ.ഇയിലെത്തിയതെന്ന് സുരേന്ദ്രന് പറഞ്ഞു. പ്രായം 60 കഴിഞ്ഞിട്ടും ജോലിയില്‍ തുടരാന്‍ കഴിഞ്ഞത് അധികൃതരുടെ കനിവ്. ലോഞ്ച് വഴി ഗള്ഫിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടില്‍നിന്ന് 1974ല്‍ മുംബൈയിലെത്തിയത്. ദൈവാനുഗ്രഹത്താല്‍ യു.എ.ഇ വിസയും കപ്പല്‍ വഴിയുള്ള യാത്രയും അന്നത്തെ ബോംബെയില്‍ നിന്നുതന്നെ ശരിയായി.
പ്രവാസജീവിതത്തില്‍ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുണ്ടെങ്കിലും ശാന്തപ്രകൃതമുള്ള ഗോക്കളുമായുള്ള പുരുഷായുസ്സ് നീണ്ട സഹവാസം സംതൃപ്തി നല്‍കുന്നതായിരുന്നു. 48 വര്‍ഷംമുമ്പ് തനിക്കൊപ്പം യു.എ.ഇയില്‍ എത്തിയവരില്‍ ഏറെ പേരും മറ്റു ജോലിയിലേക്ക് മാറുകയും നാടണയുകയും ചെയ്തപ്പോഴും മാറ്റത്തെക്കുറിച്ച് ചിന്തിച്ചില്ല. ദീര്‍ഘനാളത്തെ പുറംവാസം വലിയ സമ്പാദ്യമൊന്നും കൊണ്ടുവന്നില്ല. കൂടപ്പിറപ്പുകള്‍ക്ക് കൈത്താങ്ങ് നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്വന്തം ആവശ്യത്തിനായിരുന്നില്ലെങ്കിലും സ്ഥാപനത്തിന്റെ സഹായത്തോടെ ബാങ്ക് വായ്പ സംഘടിപ്പിച്ചിരുന്നു. തിരിച്ചടവിന് 15 വര്‍ഷത്തെ സ്വന്തം സമ്പാദ്യം ചെലവഴിക്കേണ്ടിവന്നത് പ്രവാസജീവിതത്തിലെ കയ്പുള്ള ഓര്മ.
അത്ഭുതവും കൗതുകവുമാണ് യു.എ.ഇയെന്ന് സുരേന്ദ്രൻ പറയുന്നു. ഇന്നത്തെ ദിഗ്ദാഗ ഡെയറി ഫാം പ്രദേശത്ത് ’75ല്‍ താനെത്തുമ്പോള്‍ ഭീതി ജനിപ്പിക്കുന്ന സാഹചര്യമായിരുന്നു. ആളും അനക്കവുമില്ലാതെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം. 1968ല്‍ ബ്രിട്ടീഷുകാര്‍ ഏഴു പശുക്കളും രണ്ടു കാളകളുമായി തുടങ്ങിയതാണ് ദിഗ്ദാഗ ഡെയറി ഫാം. പാല് ലഭ്യതയുടെ കുറവില്‍ പാല്‍പ്പൊടിയായിരുന്നു അന്ന് ജനങ്ങള്‍ക്ക് ആശ്രയം. ആദ്യ വര്‍ഷങ്ങളില്‍ കൈകൊണ്ടുള്ള കറവയായിരുന്നു. പിന്നീട് യന്ത്രത്തിലേക്കു മാറി. സമീപത്തെ വീടുകളിലേക്കു മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ പാല് വിതരണം. പത്തോളം ജീവനക്കാരും പത്തോളം കാലികളുമായി തുടങ്ങിയ ക്ഷീരകേന്ദ്രം 2000ത്തിലേറെ കാലികളും നേരിട്ടും അനുബന്ധമായും വിവിധ രാജ്യങ്ങളില്‍നിന്നുള്ള 500ഓളം പേര് തൊഴിലെടുക്കുന്ന കേന്ദ്രമായി വളര്‍ന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1969ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനം 1979ല്‍ സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന്‍ ഫാമിന് കൈമാറി. തുടര്‍ന്ന് വിപുലീകരണ പ്രവൃത്തികള്‍ നടന്നു. പാൽ കൂടാതെ തൈര്, മോര് തുടങ്ങി വിവിധ ഉല്പന്നങ്ങളും ഇവിടെനിന്ന് പുറത്തിറക്കുന്നുണ്ട്. പശുപരിപാലനത്തിനും കറവ ജോലിക്കുമെല്ലാം ആദ്യ നാളുകളില്‍ മലയാളികള്‍ മാത്രമായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ പലരും ഇഹലോകവാസം വെടിഞ്ഞു. രണ്ടു പേര് നാട്ടിലുണ്ട്. ഇടക്കാലത്ത് കുടുംബത്തെ കൊണ്ടുവരാന്‍ സ്ഥാപന മേധാവികള്‍ സഹായിച്ചു. താമസസൗകര്യവും നല്കി. സഹ പ്രവര്‍ത്തകരും അധികൃതരും നല്കിയ സ്നേഹവായ്പുകള്‍ക്ക് ഏറെ നന്ദിയുണ്ടെന്നും സുരേന്ദ്രന് തുടര്‍ന്നു. ഭാര്യ: രാധ. മക്കള്‍: സൂര്യ, സൂരജ് (അജ്മാന്), സൂരഗ്. മരുമക്കള്‍: അനീഷ് കുമാര്‍, മല്ലു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.