ദുബൈ: തൃശൂർ വലപ്പാട് സ്വദേശി ബഷീർ പി. മുഹമ്മദ് കൗമാരത്തിന്റെ തീക്ഷ്ണതയിൽ 17ാമത്തെ വയസ്സിലാണ് ദുബൈയുടെ മണലാരണ്യത്തിൽ വന്നിറങ്ങുന്നത്. 1976ൽ, ബോംബെ എന്ന ഇന്നത്തെ മുംബൈയിൽനിന്ന് ഇറാഖ് എയർവേസിന്റെ വിമാനത്തിലാണ് യാത്ര ചെയ്ത് എത്തുന്നത്. പിതാവിന്റെ സഹോദരിയുടെ മക്കൾ യു.എ.ഇയിൽ നേരത്തെ എത്തിയിരുന്നു. അവരുടെ അടുത്തേക്കാണ് വന്നുചേരുന്നത്. ജീവിതപ്രാരബ്ദങ്ങളെ കരക്കടുപ്പിക്കാൻ കൈവശമുണ്ടായിരുന്നത് തയ്യൽ ജോലി മാത്രമായിരുന്നു. വന്നിറങ്ങിയ വർഷം മുതൽ തയ്യൽ ജോലി ബഷീർ ആരംഭിച്ചു. അനേകായിരങ്ങളുടെ സ്വപ്നവസ്ത്രങ്ങൾ ആ കൈവിരലുകളിലൂടെ രൂപപ്പെട്ടു. അതുവഴി സ്വന്തം ജീവിതവും പതിയെപ്പതിയെ തയ്ച്ചെടുക്കുകയായിരുന്നു ബഷീർ.
അറബികളുടെ വസ്ത്രമായ കന്തൂറ തുന്നിയെടുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയെടുത്തിരുന്നു. അതുവഴി സ്വദേശികൾക്കിടയിലും ധാരാളം പരിചയങ്ങൾ ഉണ്ടാക്കിയെടുത്തു. വർഷങ്ങളോളം ഒരു തൊഴിലാളി മാത്രമായി ജോലി ചെയ്ത ശേഷം 15 വർഷം മുമ്പാണ് സ്വന്തമായൊരു കട തുടങ്ങാൻ സാധിച്ചത്. 'മക്കസ് ബഷീർ ടൈലറിങ്' എന്ന ഷാർജയിലെ കട മലയാളികൾക്കും ഇമാറാത്തികൾക്കും സുപരിചിതമാണ്. രാജകുടുംബാംഗങ്ങളും പൊലീസ്, ഇമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം വസ്ത്രങ്ങൾ തയ്ക്കാൻ ഇവിടെ എത്തിയിരുന്നു.
46 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അന്നം നൽകിയ മണ്ണിൽനിന്ന് മടക്കത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ ബഷീർ. യു.എ.ഇയിലെ ജീവിതത്തിൽ സംതൃപ്തനാണെന്ന് മാത്രമല്ല, മടങ്ങിപ്പോകാൻ യഥാർഥത്തിൽ വലിയ ആഗ്രഹമൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമായി ഇനി തൊഴിലെടുക്കാൻ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് മടക്കയാത്രക്ക് തീരുമാനമെടുത്തത്. ഒന്നുമില്ലാതെ വന്നുചേർന്ന തനിക്ക് എല്ലാം നൽകിയത് യു.എ.ഇയാണെന്ന് ബഷീർ നന്ദിയോടെ പറയുന്നു. കുടുംബത്തെ നല്ല രീതിയിൽ നോക്കാനും മക്കളെയെല്ലാം കൈപിടിച്ചുയർത്താനും സാധിച്ചത് ഇവിടുത്തെ ജീവിതം വഴിയാണെന്നും നാട്ടിൽ പോയി വിശ്രമജീവിതം നയിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ ജമീല പ്രവാസത്തിന് കൂട്ടായി ഇവിടെയുണ്ട്. മക്കൾ: ജഷീല, ജിഷാദ്, ജിജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.