അഡിഹെക്‌സ് സമാപിച്ചു: ഫാൽക്കണിനെ വിറ്റത് റെക്കോഡ് വിലക്ക്!
അബൂദബി: അബൂദബി രാജ്യാന്തര വേട്ടയാടല്‍-കുതിരസവാരി പ്രദര്‍ശനത്തില്‍ (അഡിഹെക്‌സ് - 2026) അപൂര്‍വ ഇനം ഫാല്‍ക്കണ്‍ റെക്കോര്‍ഡ് തുകയായ 21 ലക്ഷം ദിര്‍ഹമിന് (ഏകദേശം 4.8 കോടിയിലധികം ഇന്ത്യന്‍ രൂപ) ലേലത്തില്‍ വിറ്റുപോയി. അഡിഹെക്‌സിന്‍റെ ചരിത്രത്തില്‍ ഒരു ഫാല്‍ക്കണിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.പ്രദര്‍ശനത്തിന്‍റെ അവസാന ദിനമായ ഞായറാഴ്ച നടന്ന വാശിയേറിയ ലേലത്തിലാണ് അള്‍ട്രാ-വൈറ്റ് വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ഇനം ‘ജിര്‍ഫാല്‍ക്കണി’നെ സ്വന്തമാക്കാന്‍ ആളുകള്‍ രംഗത്തെത്തിയത്.
അപൂര്‍വമായ വെളുത്ത തൂവലുകളും ശുദ്ധ വംശപരമ്പരയും കൊണ്ടാണ് അമേരിക്കയില്‍ നിന്നുള്ള ഈ ഫാല്‍ക്കണ്‍ ലേലത്തില്‍ ശ്രദ്ധാകേന്ദ്രമായത്. ഇത്തവണ അഡിഹെക്‌സ് ലേലത്തില്‍ 10 ലക്ഷത്തിലധികം ദിര്‍ഹം ലഭിക്കുന്ന മൂന്നാമത്തെ ഫാല്‍ക്കണാണിത്. മുന്‍ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ മറ്റ് രണ്ട് വൈറ്റ് ജിര്‍ഫാല്‍ക്കണുകള്‍ യഥാക്രമം 15 ലക്ഷം ദിര്‍ഹമിനും 11 ലക്ഷം ദിര്‍ഹമിനും വിറ്റുപോയിരുന്നു.
വേഗം, കൃത്യത, വലുപ്പം, കഠിനമായ ചൂട് താങ്ങാനുള്ള ശേഷി എന്നിവയില്‍ മറ്റ് ഫാല്‍ക്കണുകളേക്കാള്‍ മികച്ചുനില്‍ക്കുന്നവയാണ് ജിര്‍ഫാല്‍ക്കണുകള്‍. പ്രൗഢിയുടെയും അന്തസ്സിന്‍റെയും പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. 10 ദിവസം നീണ്ടുനിന്ന 23-ാമത് അഡിഹെക്‌സ് പ്രദര്‍ശനത്തില്‍ 71 രാജ്യങ്ങളില്‍ നിന്നായി 2400 കമ്പനികളും ബ്രാന്‍ഡുകളും പങ്കെടുത്തു. കൂടാതെ, 55 ഫാല്‍ക്കണ്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും മേളയുടെ ഭാഗമായി. അഡിഹെക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഫാല്‍ക്കണ്‍ ലേല പരിപാടിയാണ് ഇത്തവണ നടന്നത്. അറേബ്യന്‍ കുതിരകളുടെ ലേലവും മേളയോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.