ശൈഖ് ഹംദാന്‍റെ നേതൃത്വത്തിലും ജനപ്രീതിയിലും അഭിമാനിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ അഭിനന്ദിച്ച്​ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത തന്‍റെ പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സി’ലാണ്​ മകൻ കൂടിയായ ശൈഖ്​ ഹംദാനെഴുതിയ കത്ത്​ അദ്ദേഹം പ്രസിദ്ധീകരിച്ചത്​.

ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി ശൈഖ് ഹംദാന് അയച്ച വൈകാരികവും പ്രചോദനാത്മകവുമായ കത്തിൽ അദ്ദേഹം തന്‍റെ അഭിനന്ദനങ്ങളും ഭരണപാഠങ്ങളും പങ്കുവെക്കുന്നുണ്ട്​. കത്ത്​ ശൈഖ് മുഹമ്മദ് തിങ്കളാഴ്ച ‘എക്സി’ൽ പങ്കുവെച്ചു

ശൈഖ് ഹംദാന്‍റെ നേതൃത്വത്തിലും ജനപ്രിയതയിലും നേട്ടങ്ങളിലും താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് കത്തിൽ വ്യക്തമാക്കി. ‘ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ കരുണയും ലാളിത്യവും ധീരതയും ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. തനിക്കുള്ള അനുഭവ സമ്പത്തിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് തന്‍റേതായ പുതിയ വഴി വെട്ടിത്തെളിക്കാൻ ഹംദാന് സാധിച്ചു.

നേട്ടങ്ങൾ വർധിക്കുമ്പോൾ രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തങ്ങളും വർധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. ദുബൈയുടെ സാമ്പത്തിക വളർച്ച, ആഗോളതലത്തിലുള്ള പുതിയ സ്ഥാനം, മാതൃരാജ്യത്തിന്‍റെ സംരക്ഷണം, ദുബൈയിലെ ജനങ്ങളുടെ ക്ഷേമം എന്നിവ ഉറപ്പുവരുത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്. ഈ വെല്ലുവിളികളും ചുമതലകളും ഏറ്റെടുക്കാൻ ശൈഖ് ഹംദാൻ പ്രാപ്തനാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭരണരംഗത്തെ തന്‍റെ ആറു പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളിൽ നിന്ന് പഠിച്ച നിർണായകമായ ഭരണപാഠങ്ങളും ശൈഖ് മുഹമ്മദ് സന്ദേശത്തിൽ പങ്കുവെച്ചു. ശിക്ഷിക്കുന്നതിന് മുമ്പ് കരുണ കാണിക്കുന്നവനും, ഭരിക്കുന്നതിന് മുമ്പ് ജനങ്ങളെ ശ്രദ്ധിച്ചു കേൾക്കുന്നവനുമാകണം ഭരണാധികാരി. നീതിയിലധിഷ്ഠിതമായ ഭരണമാണ് രാജ്യത്തിന്‍റെ സ്ഥിരതക്കും പുരോഗതിക്കും ആധാരം. അനീതി രാജ്യങ്ങളുടെ തകർച്ചക്ക്​ കാരണമാകും.

നേതാക്കൾ എപ്പോഴും സത്യസന്ധരായ ആളുകളെ മാത്രമേ കൂടെ നിർത്താവൂ എന്ന് ശൈഖ് മുഹമ്മദ് ഉപദേശിച്ചു. കൂടെയുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നത് അഴിമതിയിലേക്ക് വഴിതെറ്റിക്കും. ഭരണാധികാരിക്ക് ചുറ്റുമുള്ളവരാണ് തെറ്റുകൾ തിരുത്തി ശരിയായ ഉപദേശം നൽകേണ്ടത്. സ്വന്തം നേട്ടങ്ങൾക്കായി കാര്യങ്ങളെ വളച്ചൊടിക്കുന്നവരെയും വ്യാജ പുകഴ്ത്തലുകാരെയും അകറ്റിനിർത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

ഭരണാധികാരി ജനങ്ങളോട് എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം രാജ്യം സുരക്ഷിതവും സമൃദ്ധവുമാകുമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ ശില്പികളായ ശൈഖ് സായിദിന്‍റെയും ശൈഖ്​ റാശിദിന്‍റെയും ജനങ്ങളോടുള്ള കരുണയും അടുപ്പവുമാണ് അവരെ ചിരസ്മരണീയരാക്കിയത്​. ജനങ്ങളെ സേവിക്കുന്നവനാണ് യഥാർഥത്തിൽ മഹാനായ ഭരണാധികാരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്‍റെ അനുഭവങ്ങളിൽ നിന്നുള്ള ഈ പാഠങ്ങൾ ശൈഖ് ഹംദാന്‍റെ ഭാവിപ്രയാണത്തിന് വഴിവിളക്കാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദ് സന്ദേശം അവസാനിപ്പിച്ചത്. ദൈവാനുഗ്രഹവും ജനങ്ങളുടെ സ്നേഹവും എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാകട്ടെയെന്നും ശൈഖ് മുഹമ്മദ് പ്രാർഥിച്ചു.

Tags:    
News Summary - Sheikh Mohammed says he is proud of Sheikh Hamdan's leadership and popularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.