ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹമാധ്യമത്തിലെ കുറിപ്പിനൊപ്പം പങ്കുവെച്ച ഫോട്ടോ
സഹോദരനും സുഹൃത്തും സഹചാരിയുമായ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്; ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ പുതിയ പുസ്തകം ‘ദി ലെറ്റേഴ്സ്’ പ്രകാശനം ചെയ്തു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തന്‍റെ പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സ്’ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ‘ലൈഫ് ലെസൻസ്’ പരമ്പരയുടെ രണ്ടാം ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുള്ള സ്നേഹനിർഭരമായ കത്തോടെയാണ് 26 കത്തുകൾ അടങ്ങിയ ഈ പുസ്തകം ആരംഭിക്കുന്നത്.
പതിറ്റാണ്ടുകൾ നീണ്ട ഭരണനേതൃത്വത്തിലെ അനുഭവങ്ങളും ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളും പുസ്തകത്തിൽ സ്മരിക്കുന്നുണ്ട്. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതിനേക്കാൾ പ്രധാനം രാജ്യത്തിന്‍റെ ആത്മാവിനെ നിലനിർത്തുക എന്നതാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നു. ഇന്ന് യു.എ.ഇയുടെ ആ ആത്മാവായി നിലകൊള്ളുന്നത് ശൈഖ് മുഹമ്മദ് ബിൻ സായിദാണെന്ന് അദ്ദേഹം പുസ്തകത്തിലൂടെ പറയുന്നു.
പൊതുസേവനത്തിൽ 60 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് തന്‍റെ സഹോദരങ്ങൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും ഔദ്യോഗിക സംഘത്തിനും രാജ്യവാസികൾക്കും ലോകമെമ്പാടുമുള്ള വായനക്കാർക്കുമായി ഈ കത്തുകൾ കുറിച്ചിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. വർഷങ്ങൾ കടന്നുപോകുമെങ്കിലും ആശയങ്ങൾ നിലനിൽക്കും. വരുംതലമുറക്ക് വഴിവിളക്കാവുന്ന അനുഭവങ്ങൾ പങ്കുവെക്കുക എന്നത് ഉത്തരവാദിത്തമായി കരുതുന്നതിനാലാണ് ഈ കത്തുകൾ പുസ്തകരൂപത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് മുഹമ്മദ് ബിൻ റാശിദിന്‍റെ കുടുംബത്തിനും ഭരണസംഘത്തിനും യു.എ.ഇ ജനതക്കും ആഗോള സമൂഹത്തിനുമുള്ള സന്ദേശമായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ആറു പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിലെ അനുഭവങ്ങൾ, നിർണായക തീരുമാനങ്ങൾ, യാഥാർഥ്യമാക്കിയ പദ്ധതികൾ, ജനസേവനത്തിനായി നീക്കിവെച്ച ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ എന്നിവ വളരെ വൈകാരികവും ചിന്തോദ്ദീപകവുമായ രീതിയിലാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.
‘രാജ്യത്തിന്‍റെ പിതാവായ ശൈഖ് സായിദിന്‍റെ അതേ സ്നേഹവും കരുണയും ദീർഘവീക്ഷണവുമാണ് ശൈഖ് മുഹമ്മദിൽ ഞാൻ ദർശിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും ദുരന്ത മേഖലകളിലും കാരുണ്യത്തോടെ ഇടപെടുന്ന യഥാർത്ഥ ഭരണതന്ത്രജ്ഞനാണ് അദ്ദേഹം. കുവൈത്ത് മോചനത്തിലും കൊസോവോ യുദ്ധത്തിലും ഫീൽഡ് കമാൻഡറായി അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കത്തിൽ സ്മരിക്കുന്നു.
രാഷ്ട്രീയത്തിന്‍റെയോ സാമ്പത്തിക ശാസ്ത്രത്തിന്‍റെയോ സങ്കീർണതകൾ അറിയാത്ത ഒരു ചെറിയ പെൺകുട്ടി തികഞ്ഞ സുരക്ഷിതത്വത്തോടെ സ്കൂളിലേക്ക് പോകുന്ന ഉദാഹരണത്തിലൂടെയാണ് രാജ്യത്തെ സുരക്ഷിതത്വം അദ്ദേഹം വ്യക്തമാക്കുന്നത്.
സ്കൂൾ ചുവരുകളിൽ തന്‍റെ രാജ്യം ബഹിരാകാശത്ത് എത്തിയതുകണ്ട്, താനും വളരുമ്പോൾ മാതൃരാജ്യത്തിന്‍റെ പതാക വാനോളം ഉയർത്തുമെന്ന് ആ കുട്ടി സ്വപ്നം കാണുന്നുണ്ടെങ്കിൽ, അത് ജനങ്ങൾക്ക് ശൈഖ് മുഹമ്മദ് നൽകുന്ന സുരക്ഷിതത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഏറ്റവും വലിയ തെളിവാണ്. കുട്ടികളുടെ ഹൃദയത്തിൽ ഈ ആത്മവിശ്വാസം നട്ടുവളർത്തിയതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദിനുള്ള കത്തിൽ വ്യക്തമാക്കുന്നു
അറബിക് സാഹിത്യശാഖയിലെ കത്തെഴുത്ത് രീതിക്ക് പുതിയൊരു മാറ്റു കൂട്ടുന്നതിനൊപ്പം, ഭാവി നേതാക്കൾക്കും തീരുമാനങ്ങളെടുക്കുന്നവർക്കും യുവാക്കൾക്കും വലിയൊരു പ്രചോദന ഉറവിടമായി ഈ പുസ്തകം മാറും. വരുംതലമുറകൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികാട്ടിയായി ഈ അനുഭവക്കുറിപ്പുകൾ ഉപകരിക്കുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ഭരണനേതൃ ചിന്തയും മാനുഷിക കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന സമഗ്രമായ രേഖയാണ് ‘ദി ലെറ്റേഴ്സ്’, ‘ലൈഫ് ലെസൻസ്’ എന്നീ പുസ്തകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.