പ്രതീകാത്മക ചിത്രം
ദമ്പതികളുടെ വേര്‍പിരിയലിനു ശേഷവും മക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അബൂദബിയില്‍ പുതിയ നയം
അബൂദബി: ദാമ്പത്യ ബന്ധം വേര്‍പിരിയുന്ന സാഹചര്യങ്ങളിലും മക്കളുടെ സുരക്ഷിതത്വവും മാനസിക-സാമൂഹിക സ്ഥിരതയും ഉറപ്പുവരുത്താന്‍ പുതിയ നയം പ്രഖ്യാപിച്ച് അബൂദബി. അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്റ് പ്രസിഡന്‍റും യു.എ.ഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് ആണ് 2026ലെ 43-ാം നമ്പര്‍ തീരുമാനപ്രകാരം ‘പോസ്റ്റ് സെപറേഷന്‍ ചാര്‍ട്ടര്‍ - ഇയര്‍ ഓഫ് ദി ഫാമിലി’ എന്ന കരാറിന് അംഗീകാരം നല്‍കിയത്. ദാമ്പത്യം അവസാനിച്ചാലും മാതാപിതാക്കളുടെ ചുമതലകള്‍ അവസാനിക്കുന്നില്ല എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായാണ് ഈ ചാര്‍ട്ടര്‍ തയാറാക്കിയിരിക്കുന്നത്.
പുതിയ നയരേഖ ഇങ്ങനെ
കുട്ടികളുടെ ക്ഷേമത്തിന് പ്രഥമ പരിഗണന: മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയിലും കുട്ടികളുടെ മാനസികവും സാമൂഹികവുമായ സുരക്ഷിതത്വത്തിനാണ് ചാര്‍ട്ടര്‍ മുന്‍ഗണന നല്‍കുന്നത്. കുടുംബപരമായ എല്ലാ തീരുമാനങ്ങളിലും കുട്ടികളുടെ നന്മക്കായിരിക്കും പരമോന്നത പരിഗണന.
തര്‍ക്കങ്ങളില്‍നിന്ന് കുട്ടികളെ ഒഴിവാക്കണം: മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ വിവാഹമോചനത്തിന്‍റെ കാരണങ്ങളോ കുട്ടികളുടെ മുന്നില്‍ ചര്‍ച്ച ചെയ്യരുത്. കുട്ടികളെ സ്വാധീനിക്കാനോ ഉപദ്രവിക്കാനോ വിലപേശലിനായോ സന്ദര്‍ശനാവകാശത്തെയോ സാമ്പത്തിക സഹായങ്ങളെയോ ആയുധമാക്കരുത്.
കൂട്ടുത്തരവാദിത്തം: കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മതാചാരങ്ങള്‍, സ്വഭാവരൂപീകരണം എന്നിവയില്‍ ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കുട്ടിയെ സംരക്ഷിക്കുന്നയാള്‍ (കസ്റ്റഡിയുള്ളയാള്‍) മറുഭാഗത്തെ വിദ്യാലയ റിപ്പോര്‍ട്ടുകള്‍, ആരോഗ്യസ്ഥിതി, യാത്രകള്‍ എന്നിവ കൃത്യമായി അറിയിക്കണം. യു.എ.ഇയുടെ പാരമ്പര്യത്തിലും മൂല്യങ്ങളിലും കുട്ടികളെ വളര്‍ത്തണം.
മാന്യമായ പെരുമാറ്റം: മക്കളുടെ മുന്നില്‍വെച്ച് പങ്കാളിയെക്കുറിച്ച് മോശമായി സംസാരിക്കാന്‍ പാടില്ല. പരസ്പര ബഹുമാനം നിലനിര്‍ത്തുകയും മാതാപിതാക്കളെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയും വേണം. സൗഹാർദപരമായ പരിഹാരം: ചാര്‍ട്ടര്‍ നടപ്പാക്കുന്നതില്‍ തര്‍ക്കങ്ങളുണ്ടായാല്‍ സൗഹാർദപരമായി പരിഹരിക്കാന്‍ ശ്രമിക്കണം. സാധിച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുന്നതിന് മുമ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫാമിലി ഗൈഡന്‍സ് സെന്ററിലേക്ക് മാറ്റും.
വിവാഹമോചനത്തിനുശേഷം ഫാമിലി ഗൈഡന്‍സ് കൗണ്‍സിലര്‍ മാതാപിതാക്കള്‍ക്ക് മുന്നില്‍ ഈ രേഖ അവതരിപ്പിക്കും. ഇതില്‍ പൂര്‍ണമായോ ഭാഗികമായോ ഒപ്പുവച്ച് കരാര്‍ പാലിക്കാന്‍ ഇരുവരും ബാധ്യസ്ഥരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.