ദുബൈ: ‘എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ആരും ഉപദേശിക്കേണ്ടതില്ല’ എന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സാധാരണ കാര്യങ്ങൾ തന്നെയാണ് സംസാരിച്ചത്. അല്ലാത്ത കാര്യങ്ങളൊന്നും ഉദ്ദേശിച്ചിട്ടില്ല. മുഴുവൻ ഇന്‍റർവ്യൂ കാണുമ്പോൾ അത് വ്യക്തമായി മനസ്സിലാവുമെന്നും സഞ്ജു പറഞ്ഞു. അതേസമയം, നമുക്ക് പറയേണ്ടത് പറയാമല്ലോയെന്നും ആൾക്കാർക്ക് ഏതു രീതിയിൽ വേണമെങ്കിലും എടുക്കാമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ വാചകങ്ങൾ മറ്റു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ‘കുഴപ്പമില്ല, നമുക്ക് പറയേണ്ടത് നമുക്ക് പറയാമല്ലോ. ആൾക്കാർക്ക് ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം. ഇപ്പോഴൊക്കെ എന്തു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആക്കിയെടുക്കാമല്ലോ. സോഷ്യൽ മീഡിയയുടെ കാലത്ത് എങ്ങനെയൊക്കെ വളച്ചൊടിക്കുമെന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവർക്കും പൈസ സമ്പാദിക്കണ്ടേ’ എന്നായിരുന്നു മറുപടി. ദുബൈ അൽ അൻസാരി എക്സ്ചേഞ്ച് ബ്രാൻഡ് അംബാസഡർ ആയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.
ക്രിക്കറ്റ് ഒരു ടീം സ്പോർട് ആണല്ലോ. നമ്മൾ മറ്റുള്ള ടീമുമായാണ് മത്സരിക്കേണ്ടത്. സ്വന്തം ടീമിലെ ആളുകളുമായി മത്സരിക്കാൻ ഒട്ടും താൽപര്യമില്ലാത്ത ആളാണ് ഞാൻ. അത് അങ്ങനെത്തന്നെ കൊണ്ടുപോകാനാണ് താൽപര്യം. ചെറുപ്പത്തിൽ കളിക്കുമ്പോൾ കോച്ചിനെ ഇംപ്രസ് ചെയ്യുകയെന്നായിരുന്നു മുന്നിലുള്ള പ്രധാന ദൗത്യം. പിന്നെ കുടുംബത്തെയും. പിന്നീട് അണ്ടർ 19 ഇന്ത്യൻ ടീം, രഞ്ജി ടീം, ഇന്ത്യൻ ടീം...സമ്മർദവേളകൾ ഒരുപാടുണ്ടാകും. മത്സരവും അതുപോലെ. ആ മത്സരത്തിൽ കളി ആസ്വദിക്കുന്നതിനെക്കുറിച്ച് നിങ്ങൾ മറന്നുപോകും. പക്ഷേ, മത്സരത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതിനേക്കാൾ, കളി കൂടുതൽ ആസ്വദിക്കുകയെന്നതാണ് സഞ്ജു സാംസൺ ആഗ്രഹിക്കുന്നത്.
ദുബൈ ഏറെ ഇഷ്ടമാണ്. മലയാളികൾക്ക് ദുബൈ ഇഷ്ടമില്ലെന്ന് പറയാനാവില്ലല്ലോ. കുറേസമയം ഇവിടെ ചിലവഴിക്കാറുണ്ട്. ഇപ്പോൾ, കുറച്ചു ദിവസമായി ഇവിടെയുണ്ട്. അൽ അൻസാരി പോലെ വലിയൊരു ബ്രാൻഡുമായിട്ട് ഒന്നിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 60 വർഷമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഏതു രീതിയിലൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് അടുത്തറിയാനുള്ള അവസരം കൂടിയാണിതെന്നും സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.