മസ്‌കത്ത്/ദുബൈ: അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി നാട്ടിൽനിന്ന് മിഠായികളും നാടൻ മധുര പലഹാരങ്ങളും കൊണ്ടുവരാൻ പദ്ധതിയിടുന്ന പ്രവാസികൾ ജാഗ്രതൈ! പലഹാരങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നിയമക്കുരുക്കിലാവും.
കഴിഞ്ഞ ജൂലൈ 23-ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിനം കസ് കസ് അടങ്ങിയ പരമ്പരാഗത ഇന്ത്യൻ മധുര പലഹാരം കൈവശം വെച്ചതിന് ബിഹാർ സ്വദേശിയായ പ്രവാസി തടവിലായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കറുപ്പ് ചെടിയുടെ വിത്തായ ‘പോപ്പി സീഡ്സ്’ (ഒരിനം കസ് കസ് ) ഇന്ത്യയിൽ കറികളിലും ഹൽവ ഉൾപ്പെടെയുള്ള വിവിധയിനം മധുരപലഹാരങ്ങളിലും വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഒമാൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ ഏകീകൃത കസ്റ്റംസ് നിയമപ്രകാരം, പോപ്പി സീഡ്സിനെ ലഹരി ഉൽപന്നങ്ങളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഗൾഫ് നാടുകളിലേക്ക് ഇവ ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതോ കടുത്ത നിയമനടപടികൾക്കും ജയിൽശിക്ഷക്കും കാരണമാകും.
അവധിക്കാലം കഴിഞ്ഞ് മടങ്ങിയ ബിഹാർ സ്വദേശി സതീഷാണ് സഹപ്രവർത്തകർക്കായി ‘രസകദം’ എന്ന ഇന്ത്യൻ മധുരപലഹാരം കൊണ്ടുവന്നതിലൂടെ അബുദബിയിൽ യു.എ.ഇ അധികൃതരുടെ പിടിയിലായത്. ഇയാളുടെ മോചനത്തിനായി കുടുംബം യു.എ.ഇയിലെയും ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായം തേടിയിരിക്കുകയാണ്. അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെങ്കിൽ പോലും ഇത്തരം നിരോധിത സാധനങ്ങൾ കൈവശം വെക്കുന്നതുമൂലം പിടിയിലാവുകയും, തടവോ പിഴയോ അല്ലെങ്കിൽ കടുത്ത നിയമനടപടികളോ നേരിടേണ്ടി വരും.
ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം, സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്നുകൾ, ലഹരി പദാർഥങ്ങൾ, എല്ലാത്തരം ആയുധങ്ങൾ, മിലിട്ടറി മാതൃകയിലുള്ള വസ്ത്രങ്ങൾ, ഉപകരണങ്ങൾ, യഥാർഥ തോക്കുകളോട് സാദൃശ്യമുള്ള കളിപ്പാട്ട തോക്കുകൾ, ഒളിച്ചുവെക്കാവുന്ന ഡിജിറ്റൽ ആയുധങ്ങൾ, ഇലക്ട്രിക് സ്റ്റൺ ഡിവൈസുകൾ, ആനക്കൊമ്പ്, റൈഫിൾ സ്കോപ്പുകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്നത് കുറ്റകരമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബാഗേജുകൾ കൃത്യമായി പരിശോധിച്ച്, തങ്ങൾ പോകുന്ന രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.