അബൂദബി: വേനലവധി കഴിഞ്ഞ് പ്രവാസികളും സ്വദേശികളും മടങ്ങിയെത്തിയതോടെ യു.എ.ഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജൂണില്‍ അബൂദബിക്കും ഫുജൈറക്കുമിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസുകളിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബര്‍ 30ന് ദുബൈ, ഷാർജ സ്റ്റേഷനുകൾ ഉള്‍പ്പെടുന്ന ശൃംഖലയും തുറക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ദൈനംദിന യാത്രക്കായി ട്രെയിന്‍ സര്‍വീസുകളെ ആശ്രയിക്കുമെന്നാണ് കരുതുന്നത്. കുടുംബാവശ്യങ്ങള്‍, ചികിത്സ, വിനോദയാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റോഡ് മാര്‍ഗമുള്ള യാത്രക്ക് പകരം, കൂടുതല്‍ സുഖകരവും തടസ്സമില്ലാത്തതുമായ ബദല്‍ സംവിധാനമായി ഇത്തിഹാദ് റെയില്‍ മാറിയതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
റെയില്‍ ശൃംഖല വിപുലീകരണത്തിലേക്ക്
എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് റെയിലിന് ലഭിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അസ്സ അല്‍ സുവൈദി പറഞ്ഞു. കുടുംബങ്ങളും ദിനംപ്രതി ജോലിക്ക് പോകുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നുണ്ട്. വരാനിരിക്കുന്ന ദുബൈ സ്റ്റേഷന്‍റെ ഉദ്ഘാടനവും സെപ്റ്റംബര്‍ 30ലെ ഔദ്യോഗിക നെറ്റ് വര്‍ക്ക് വിപുലീകരണവും പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി ട്രെയിന്‍ യാത്രയെ മാറ്റുമെന്നും അസ്സ അല്‍ സുവൈദി വ്യക്തമാക്കി.
അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് ഫുജൈറയിലെത്താന്‍ സാധിക്കുന്നു എന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൃത്യസമയത്തുള്ള സര്‍വീസും സ്റ്റേഷനുകളിലെ എളുപ്പത്തിലുള്ള രജിസ്‌ട്രേഷന്‍ നടപടികളും മികച്ച സ്വീകരണവുമാണ് പ്രധാന ആകര്‍ഷണം. ട്രെയിനിലെ ഭക്ഷണ ലഭ്യത, കുട്ടികള്‍ക്കായുള്ള പ്രത്യേക മെനു, സുഖകരമായ സീറ്റുകള്‍ എന്നിവ കുടുംബങ്ങള്‍ക്ക് മികച്ച യാത്രാനുഭവമാണ് നല്‍കുന്നത്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റും അബൂദബിയിലേക്ക് എത്തി തിരിച്ചുപോകാന്‍ റെയില്‍ സര്‍വീസ് വലിയ സഹായമാകുന്നു. നിലവില്‍ പല ദിവസങ്ങളിലും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിയുന്ന സ്ഥിതിയാണ്. വേനലവധി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ റോഡ് ഗതാഗതക്കുരുക്കില്‍പ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൂടുതല്‍ ആളുകള്‍ ഇത്തിഹാദ് റെയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.