ദുബൈ: അമേരിക്കയിൽ സാൽമൊണെല്ല ബാക്ടീരിയ ബാധയുടെ ആശങ്കയെത്തുടർന്ന് തിരിച്ചുവിളിച്ച കോഴിമുട്ടകൾ യു.എ.ഇ വിപണിയിൽ എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ അടിയന്തര പരിശോധനകൾ നടത്തുകയും ഇറക്കുമതി വിവരങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രാദേശിക വിപണികളിൽ ഈ ഉൽപന്നങ്ങൾ വിൽപനക്കെത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചത്.
കാലിഫോർണിയയിലെ ‘കൺട്രി എഗ്ഗ്സ്’ കമ്പനി ഉൽപാദിപ്പിച്ച പ്രത്യേക ബ്രാൻഡ് മുട്ടകളാണ് അമേരിക്കയിൽ വൻതോതിൽ തിരിച്ചുവിളിച്ചത്. സാൽമൊണെല്ല ബാധയെത്തുടർന്ന് യു.എസിലെ 14 സംസ്ഥാനങ്ങളിലായി 95ഓളം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നടപടി.
നേരത്തെ, ഇ-കോളി ബാക്ടീരിയ ഭീഷണിയെത്തുടർന്ന് യു.എസിൽ തിരിച്ചുവിളിച്ച ‘ഗ്രീൻവൈസ്’ ബ്രാൻഡിന്‍റെ ഫ്രോസൺ ബെറി ഉൽപന്നങ്ങളും യു.എ.ഇ വിപണിയിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രാദേശിക വിപണികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ശക്തമായ സംവിധാനങ്ങളാണ് യു.എ.ഇയിൽ ഉള്ളത്. ജനാരോഗ്യവും ഭക്ഷ്യസുരക്ഷയും മുൻനിർത്തി എല്ലാ ഉൽപന്നങ്ങളും നിരന്തര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.