നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽപാതയുടെ ഭാഗം
ദുബൈ: പ്രതികൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രവും കാരണമായി ജി.സി.സിയിൽ ഒരു റെയിൽ ശൃംഖല സാധ്യമാണോ എന്ന് ചിലർക്കെങ്കിലും ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വകഞ്ഞുമാറ്റി നിലവിൽ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ പാതകളുടെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുകയാണ്.
കഴിഞ്ഞമാസം പദ്ധതിക്ക് ആവശ്യമായ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തുകയും ചെയ്തു. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വിജയകരമായി മുന്നോട്ടുപോകുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയാണ് ഒമാനിലേക്ക് പാത നീട്ടാൻ ആത്മവിശ്വാസം പകർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തിഹാദ് ട്രെയിൻ സർവിസ് ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിനുകൾ പാതയിൽ മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ കുതിച്ചോടും.
സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിന്റെ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.