സ്‌കൂള്‍ ഹാജർ; രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വ്യക്തമാക്കി കെ.എച്ച്.ഡി.എ
ദുബൈ: സ്‌കൂള്‍ ഹാജറുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍ വ്യക്തമാക്കി ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.). ഒരു കുട്ടിക്ക് ക്ലാസില്‍ ഹാജരാകാതിരിക്കാന്‍ പൊതുവായി അനുവദിച്ചിരിക്കുന്ന നിശ്ചിത ദിവസങ്ങളുടെ എണ്ണം ദുബൈയില്‍ ഇല്ലെങ്കിലും, വിദ്യാര്‍ത്ഥികളുടെ ഹാജറും കൃത്യനിഷ്ഠയും സ്‌കൂളുകള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കെ.എച്ച്.ഡി.എ. നിര്‍ദേശിച്ചു.
98 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍: മികച്ചത്, 96 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍: വളരെ നല്ലത്, 94 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍: നല്ലത്, 92 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍: സ്വീകാര്യമായത്, 92 ശതമാനത്തില്‍ താഴെ: ദുര്‍ബലം,
90 ശതമാനത്തില്‍ താഴെ: വളരെ ദുര്‍ബലം എന്നിങ്ങനെയാണ് സ്‌കൂളുകളുടെയും കുട്ടികളുടെയും പ്രകടനം വിലയിരുത്താന്‍ ദുബൈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉപയോഗിച്ചുവരുന്ന ഹാജര്‍ ബെഞ്ച്മാര്‍ക്കുകള്‍. എങ്കിലും, ഈ ശതമാനക്കണക്കുകള്‍ 'അനുവദനീയമായ അവധികളുടെ' കണക്കുകൂട്ടലായി കാണരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ലാസ് മുറികളിലെ പഠനത്തില്‍ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രധാന മാര്‍ഗമായാണ് ഹാജറിനെ കാണുന്നത്. 'മോശം ഹാജറിനെ മറികടക്കാനുള്ള ഒരു ശ്രമങ്ങളും അംഗീകരിക്കില്ലെന്നും ക്ലാസില്‍ ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് കെ.എച്ച്.ഡി.എ. വ്യക്തമാക്കുന്നത്.
അവധികളും സ്‌കൂള്‍ നയങ്ങളും
എല്ലാ ദുബൈ സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമായ അവധി പരിധി നിലവിലില്ല. അസുഖങ്ങള്‍, വൈദ്യപരിശോധനകള്‍, മതപരമായ ആചാരങ്ങള്‍, കുടുംബപരമായ അത്യാഹിതങ്ങള്‍ എന്നിവയ്ക്കായി ഓരോ സ്‌കൂളിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണുള്ളത്. കൂടാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിലും സ്‌കൂളുകള്‍ക്ക് സ്വന്തം നിബന്ധനകളുണ്ട്. കുട്ടിക്ക് അവധിയെടുക്കേണ്ടി വന്നാല്‍ രക്ഷിതാക്കള്‍ ഉടന്‍ തന്നെ സ്‌കൂളിനെ വിവരമറിയിക്കുകയും കാരണം വ്യക്തമാക്കുകയും വേണം.
തുടര്‍ച്ചയായ രണ്ട് ദിവസത്തില്‍ കൂടുതല്‍ കുട്ടി അസുഖം കാരണം അവധിയാണെങ്കില്‍ സ്‌കൂളില്‍ തിരിച്ചെത്തുമ്പോള്‍ മുഴുവന്‍ ദിവസത്തെയും ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.തുടര്‍ച്ചയായ വിശദീകരണമില്ലാത്ത അവധികള്‍ സുരക്ഷാ പ്രശ്‌നമായി മാറാറുണ്ട്. ഒരു കുട്ടി തുടര്‍ച്ചയായി രണ്ട് ദിവസത്തിലധികം സ്‌കൂളില്‍ ഹാജരാകാതിരിക്കുകയും കുടുംബത്തില്‍ നിന്ന് മറുപടി ലഭിക്കാതിരിക്കുകയും ചെയ്താല്‍ വിഷയം സേഫ്ഗാര്‍ഡിങ് ടീമിന് കൈമാറും.
മൂന്നാം ദിവസവും ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍, സ്‌കൂളിന്റെ 'കുട്ടികളെ കാണാതാവുന്നതുമായി ബന്ധപ്പെട്ട' നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുന്ന രീതിയില്‍ ആവര്‍ത്തിച്ചുള്ള അവധികളുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കും.
തുടര്‍ അവധികളും അക്കാദമിക് പ്രവേശനവും
അനുവാദമില്ലാത്ത തുടര്‍ച്ചയായ അവധികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. ചില സ്വകാര്യ സ്‌കൂള്‍ നയങ്ങള്‍ പ്രകാരം ഒരു അക്കാദമിക് വര്‍ഷത്തില്‍ തുടര്‍ച്ചയായി 20 ദിവസമോ അല്ലെങ്കില്‍ ഇടവിട്ട് 25 ദിവസമോ ഹാജരാകാതിരുന്നാല്‍ കൂടുതല്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാര്‍ത്ഥിയുടെ പഠന പുരോഗതിയില്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വരും. ചില സാഹചര്യങ്ങളില്‍ സ്‌കൂളിലെ സീറ്റ് റദ്ദാക്കലോ ഉള്‍പ്പെടാം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്ക് രക്ഷിതാക്കള്‍ എഴുതി തയ്യാറാക്കിയ തെളിവുകള്‍ നല്‍കണം. കുട്ടി മൂന്ന് ദിവസത്തില്‍ കൂടുതല്‍ അസുഖം മൂലം അവധിയിലാണെങ്കില്‍ സ്‌കൂള്‍ ക്ലിനിക്കില്‍ നല്‍കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അഞ്ച് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന അസുഖമോ പകര്‍ച്ചവ്യാധിയോ ഉള്ള കുട്ടികള്‍ ക്ലാസിലേക്ക് മടങ്ങുന്നതിന് മുന്‍പ് സ്‌കൂള്‍ ക്ലിനിക് സന്ദര്‍ശിക്കണം. പതിവ് ഹാജര്‍ കുട്ടികളുടെ അക്കാദമിക് പുരോഗതിയെ സഹായിക്കുന്നതിനൊപ്പം അവരുടെ ദിനചര്യകളും സമൂഹബോധവും നിലനിര്‍ത്താന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.