700 കിലോമീറ്റര്‍ ദൂരപരിധിയുള്ള 330ലധികം ഓട്ടോണമസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നേടി അബൂദബി കമ്പനി
അബൂദബി: മിഡില്‍ മൈല്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് രംഗത്ത് വന്‍ മുന്നേറ്റവുമായി അബൂദബി ആസ്ഥാനമായ ‘ലോഡ് ഓട്ടോണമസ്’. തങ്ങളുടെ പ്രധാന കാര്‍ഗോ വിമാനമായ ‘ഹിലി’യുടെ 330ലധികം യൂനിറ്റുകള്‍ക്കായുള്ള ഓര്‍ഡറുകളാണ് കമ്പനി സ്വന്തമാക്കിയത്. ഇത് സംബന്ധിച്ച് പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി 10ലധികം കരാറുകളില്‍ ഒപ്പുവെച്ചതായി സി.ഇ.ഒ. റാഷിദ് മതാര്‍ അല്‍ മനായി അറിയിച്ചു. അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2025 സെപ്റ്റംബറിലാണ് ‘ഹിലി’ വിമാനം പുറത്തിറക്കിയത്.
2023ല്‍ സ്ഥാപിതമായ ലോഡ് ഓട്ടോണമസ്, മിഡില്‍ മൈല്‍ കാര്‍ഗോ ലോജിസ്റ്റിക്‌സിനായി രൂപകൽപന ചെയ്ത ഓട്ടോണമസ് സംവിധാനങ്ങളാണ് വികസിപ്പിക്കുന്നത്. പരമാവധി 250 കിലോഗ്രാം ഭാരം വഹിക്കാനും ഏകദേശം 700 കിലോമീറ്റര്‍ ദൂരം താണ്ടാനും ശേഷിയുള്ള ഹൈബ്രിഡ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് ആളില്ലാ വിമാനമാണ് ഇതിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ ‘ഹിലി’.
കൂടുതല്‍ വിമാനങ്ങളുടെ നിര്‍മാണവും സാങ്കേതികവിദ്യ നവീകരണവും നടന്നുകൊണ്ടിരിക്കുകയാണെന്ന് അല്‍ മനായി വ്യക്തമാക്കി. നിലവിലെ പ്രവര്‍ത്തനപരമായ പരീക്ഷണങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക പരീക്ഷണങ്ങള്‍ 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അല്‍ ഐനില്‍ ഈ സംവിധാനം വിജയകരമാണെന്ന് തെളിഞ്ഞാല്‍ അത് നൂതന വ്യോമ ഗതാഗത സേവനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയിലെ വിപുലീകരണത്തിനും വഴിയൊരുക്കിക്കൊണ്ട് 2027 പകുതിയോടെ വാണിജ്യ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കും.
ഒപ്പുവെച്ച കരാറുകളില്‍ 70 ശതമാനത്തിലധികവും യു.എ.ഇക്ക് പുറത്തുനിന്നുള്ള സ്ഥാപനങ്ങളുമായാണെന്നത് ഈ സാങ്കേതികവിദ്യയോടുള്ള അന്താരാഷ്ട്ര താൽപര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അബൂദബിയിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വിപണിയിൽ കരുത്തു വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അബൂദബിയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും പിന്തുണയോടെ 18 മാസം കൊണ്ടാണ് ‘ഹിലി’ വികസിപ്പിച്ചെടുത്തതെന്ന് അല്‍ മനായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.