അനധികൃതമായി മാലിന്യം തള്ളിയവർക്കെതിരെ നടപടി; 17 ടാങ്കറുകൾ പിടിച്ചെടുത്തു
ദുബൈ: അനധികൃതമായി മലിനജലവും പെട്രോകെമിക്കൽ അവശിഷ്ടങ്ങളും തള്ളിയ സംഭവത്തിൽ 18 പേർക്കെതിരെ ദുബൈ പൊലീസ് നിയമനടപടി സ്വീകരിച്ചു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിർദിഷ്ട പ്രദേശങ്ങളിലല്ലാതെ ഹാനികരമായ മാലിന്യങ്ങൾ നിക്ഷേപിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച 17 ടാങ്കറുകൾ അധികൃതർ പിടിച്ചെടുത്തു.
2026ന്‍റെ ആദ്യ പകുതിയിലാണ് പരിസ്ഥിതി ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ഈ പരിശോധനകൾ നടന്നത്. ദുബൈ പൊലീസിന്‍റെ ജനറൽ ഡിപാർട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ക്രൈംസ് ഡിപാർട്മെന്‍റിലെ എൻവയോൺമെന്‍റൽ ക്രൈംസ് സെക്ഷൻ, ദുബൈ മുൻസിപ്പാലിറ്റി, ദുബൈ എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി എന്നിവർ സംയുക്തമായാണ് അന്വേഷണവും നടപടിയും പൂർത്തിയാക്കിയത്.
നിയമപരമായ നിർദേശങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും 17 ടാങ്കറുകളും കണ്ടുകെട്ടുകയും ചെയ്തു. ഇത്തരം ഹാനികരമായ മാലിന്യങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ അംഗീകൃത രീതിയിൽ മാത്രമേ സംസ്കരിക്കാവൂ എന്ന് പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
വ്യത്യസ്ത വകുപ്പുകൾ തമ്മിലുള്ള കൃത്യമായ ഏകോപനവും വിവരക്കൈമാറ്റവുമാണ് ഇത്തരം പരിസ്ഥിതി ലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ പൂർണ ബാധ്യതയുള്ളവരാണെന്നും പൊലീസ് ഓർമിപ്പിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് നിയമങ്ങൾ പൂർണമായി പാലിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വഴി സമൂഹത്തെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന പ്രവണതകൾ തടയുന്നതിന് ശക്തമായ നിരീക്ഷണവും നടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.