വ്യാജ ഇന്‍സ്റ്റഗ്രാം നിക്ഷേപ പരസ്യത്തട്ടിപ്പ്: യുവതിക്ക് 20,000 ഡോളറും 10,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

അബൂദബി: ഇന്‍സ്റ്റഗ്രാമിലെ വ്യാജ നിക്ഷേപ പരസ്യത്തിലൂടെ കബളിപ്പിക്കപ്പെട്ട് പണം നഷ്ടപ്പെട്ട യുവതിക്ക് 20,000 ഡോളറും (യു.എ.ഇ ദിര്‍ഹത്തിലെ തുല്യ തുക) 10,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കാന്‍ അബൂദബി കോടതി ഉത്തരവിട്ടു. വ്യാജ ഇലക്ട്രോണിക് ട്രേഡിങ് പരസ്യത്തില്‍ വിശ്വസിച്ച് പണം നിക്ഷേപിച്ച യുവതിക്ക് ഭൗതികവും ധാര്‍മികവുമായ നഷ്ടങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം കൂടിയാണ് കോടതി വിധിച്ചത്. അബൂദബി ഫാമിലി, സിവില്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

വ്യാജ പരസ്യത്തില്‍ ആകൃഷ്ടയായി യുവതി പ്രതിയുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും, തുടര്‍ന്ന് ഇലക്ട്രോണിക് ട്രേഡിങ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രതി ഇവരില്‍ നിന്ന് പണം കൈക്കലാക്കുകയുമായിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഘട്ടം ഘട്ടമായാണ് ഈ തുക പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. എന്നാല്‍, പണവും വാഗ്ദാനം ചെയ്ത ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി പലതവണകളായി ഒഴിവുകള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു.

നിയമപരമായ കാരണമില്ലാതെ മറ്റൊരാളുടെ സ്വത്ത് കൈക്കലാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, അങ്ങനെ സംഭവിക്കുമ്പോള്‍ ആ തുകയും അതിലൂടെ ഉണ്ടായ നേട്ടങ്ങളും തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. പണം നഷ്ടപ്പെട്ടതിലൂടെ യുവതിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളും പണം ഉപയോഗിക്കാന്‍ കഴിയാതെ വന്ന നഷ്ടവും പരിഗണിച്ചാണ് 10,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചത്. 20,000 ഡോളറും നഷ്ടപരിഹാരവും നല്‍കുന്നതിന് പുറമെ, കേസിലെ കോടതി ചെലവുകളും നിയമപരമായ ഫീസുകളും പ്രതി തന്നെ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Fake Instagram investment ad scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.