ചെക്ക് ബൗൺസായ കേസ്; 25 ലക്ഷം ദിർഹം തിരികെ നൽകാൻ കോടതി വിധി

ദുബൈ: ചെക്ക് ബൗൺസായ കേസിൽ 11 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പരാതിക്കാരന് 25 ലക്ഷം ദിർഹം തിരികെ നൽകാൻ ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. തുക പൂർണമായി നൽകുന്നതുവരെ 2015 മുതലുള്ള അഞ്ചുശതമാനം വാർഷിക പലിശയും മറ്റ് കോടതിച്ചെലവുകളും പ്രതി നൽകണമെന്നും കോടതി നിർദേശിച്ചു.

2015-ലാണ് കേസിനാസ്പദമായ സംഭവം. തന്‍റെ സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് അറബ് വംശജനായ പ്രതി, പരാതിക്കാരനിൽനിന്ന് 25 ലക്ഷം ദിർഹം കടം വാങ്ങുകയായിരുന്നു. പണം തിരികെ നൽകുന്നതിനായി നൽകിയ ബാങ്ക് ചെക്ക്, ഒപ്പിലെ വ്യത്യാസവും വിവരങ്ങളിലെ അപാകതയും കാരണം ബാങ്കിൽനിന്ന് മടങ്ങുകയായിരുന്നു.

തുടർന്ന് പരാതിക്കാരൻ ക്രിമിനൽ നടപടികളിലേക്ക് കടന്നു. 2015ൽ പ്രതിക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. പിന്നീട് കാലപരിധി പൂർത്തിയായതിനെ തുടർന്ന് ക്രിമിനൽ കേസ് റദ്ദായി. ഇതോടെ, പണം തിരികെ ലഭിക്കുന്നതിനായി പരാതിക്കാരൻ സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച സിവിൽ കോടതി, ചെക്ക് എഴുതി നൽകിയത് കൊണ്ട് മാത്രം ഒരാളുടെ കടബാധ്യത അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി. തുക ബാങ്ക് അക്കൗണ്ടിൽ ലഭിച്ചാൽ മാത്രമേ കടം വീട്ടിയതായി കരുതാൻ കഴിയൂ. നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാനോ പണം നൽകിയെന്ന് തെളിയിക്കാനോ പ്രതിക്ക് സാധിച്ചതുമില്ല. ഇതേത്തുടർന്നാണ് ചെക്ക് തുകയായ 25 ലക്ഷം ദിർഹവും, 2015 മുതലുള്ള അഞ്ചുശതമാനം വാർഷിക പലിശയും, കോടതിച്ചെലവുകളും, വക്കീൽ ഫീസായി 1,000 ദിർഹവും പ്രതി പരാതിക്കാരന് നൽകണമെന്ന് കോടതി അന്തിമ വിധി പ്രഖ്യാപിച്ചത്.

Tags:    
News Summary - check bounce case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.