അബൂദബിയിൽ ഗാഫ് ചെടികള്‍ നടുന്നു
അബൂദബി: പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച ‘പ്ലാന്റ് യു.എ.ഇ’ പദ്ധതിയുടെ ഭാഗമായാണ് നടപടി.
2024ൽ 8467 ഗാഫ് മരങ്ങളാണ് വെച്ചുപിടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. റണ്ണിങ് പാതകള്‍, സൈക്ലിങ് പാതകള്‍, ഹൈവേകള്‍ എന്നിവയുടെ അരികുകള്‍, വനങ്ങള്‍, വിവിധ പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്.
ശാസ്ത്രീയമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവക്ക് വെള്ളവും വളവും നല്കി പരിപാലിക്കുകയും ചെയ്താണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നല്‍കുന്നത്.
മരുഭൂമികളില്‍ കാണപ്പെടുന്ന ഗാഫ് മരങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ വളര്‍ച്ച പ്രാപിക്കുന്നതാണ്. യു.എ.ഇയിലെ കണ്ടല്‍ക്കാടിന്റെയും മറ്റ് ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പദ്ധതിയായ ‘നബാത്തി’നും നേരത്തെ തുടക്കം കുറിച്ചിരുന്നു.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതിവിദ്യാ ഗവേഷണ കൗണ്‍സിലിന്റെ (എ.ടി.ആര്.സി) സ്ഥാപനമായ വെഞ്ച്വര്‍ വണ്‍ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എ.ടി.ആര്.സിയുടെ കീഴിലുള്ള ടെക്നോളജി ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ‘നബാത്തി’ന് വേണ്ടി സാങ്കേതികവിദ്യ വികസിപ്പിച്ചത്.
കണ്ടല്‍ക്കാട് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇവ വിശകലനം ചെയ്യുന്നതിനുമായി തനിയെ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് ‘നബാത്ത്’ ഉപയോഗപ്പെടുത്തുക. ഈ വിവരങ്ങളിലൂടെ ഓരോ പരിതസ്ഥിതിയിലും കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള രൂപരേഖ നബാത്ത് തയാറാക്കും.
കൃത്യമായ മാപ്പിങ്, അത്യാധുനിക വിത്തുവിതക്കല്‍ സംവിധാനം, നിരീക്ഷണം എന്നിവയിലൂടെ ആവശ്യമുള്ളിടത്ത് വിത്തുകള്‍ കൃത്യമായി നട്ടുപിടിപ്പിക്കുന്നതിനാൽ കണ്ടല്‍ക്കാട് വളര്‍ച്ചയുടെയും പുനഃസ്ഥാപനത്തിന്റെയും സാധ്യത വര്‍ധിപ്പിക്കും.
അപൂര്‍വ ജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യന് കടന്നുകയറുന്നത് വിപരീതഫലമാണ് ഉണ്ടാക്കുന്നത് എന്നതിനാല്‍ ഡ്രോണുകളുടെ സഹായത്തോടെയുള്ള വിത്ത് വിതക്കല്‍ ഏറെ ഫലപ്രദമാണ്. മാസങ്ങള്‍ക്കു മുമ്പ് വിത്തുവിതക്കല്‍ പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ കണ്ടല്‍ച്ചെടികള്‍ വളരുന്നത് നിരീക്ഷിച്ചുവരുകയാണ്. മികച്ച പുരോഗതിയാണ് പദ്ധതിയില്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതി വൈകാതെ മരുഭൂമികളും കൃഷിയിടങ്ങളും വനങ്ങളും പവിഴപ്പുറ്റുകും പുനഃസ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.