ദുബൈ: ലോകത്താകമാനം 150ലേറെ നഗരങ്ങളിലേക്ക് ദുബൈയിൽനിന്ന് യാത്രക്കാരുമായി പറക്കുന്ന എമിറേറ്റ്സ് വിമാനക്കമ്പനിക്ക് 40 വയസ്സ്. 1985 ഒക്ടോബർ 25ന് 11.45നാണ് എമിറേറ്റ്സിന്റെ ആദ്യവിമാനം പറന്നുയർന്നത്. പാട്ടത്തിനെടുത്ത രണ്ട് വിമാനങ്ങളുമായി പാകിസ്താനിലെ കറാച്ചിയിലേക്കും ഇന്ത്യയിലെ മുംബൈയിലേക്കും സർവിസ് നടത്തിയായിരുന്നു തുടക്കം.
വളരെ ചെറിയ രീതിയിൽ തുടങ്ങിയ വിമാനക്കമ്പനി ദുബൈ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിലൂടെ ഇന്ന് ലോകത്തെ സുപ്രധാന വ്യോമസേവന സംവിധാനമായി വളർന്നുകഴിഞ്ഞു. ലോകത്തിന്റെ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന വിമാനക്കമ്പനിയായി മാറിക്കഴിഞ്ഞ എമിറേറ്റ്സിന് സ്വന്തമായി 270ഓളം വിമാനങ്ങൾ നിലവിലുണ്ട്.
1980കളിൽ ഗൾഫ് എയർ ദുബൈയിലേക്കുള്ള വിമാന സർവിസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് എമിറേറ്റ്സിന്റെ പിറവി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 1984ൽ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരിക്കെ അന്നത്തെ ഡിനാറ്റയുടെ മാനേജിങ് ഡയറക്ടറോട് ഒരു വിമാനക്കമ്പനി തുടങ്ങുന്നത് സംബന്ധിച്ച ആശയം പങ്കുവെക്കുകയായിരുന്നു. തുടർന്നാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽനിന്ന് രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവിസ് ആരംഭിച്ചത്.
ദുബൈയിലെ അക്കാലത്തെ പ്രവാസി ജനസംഖ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാജ്യക്കാർ ഇന്ത്യക്കാരും പാകിസ്താനികളുമായിരുന്നു. ഇത് പരിഗണിച്ചാണ് കറാച്ചിയിലേക്കും മുംബൈയിലേക്കും സർവിസ് ആരംഭിച്ചത്. 2025ലെ കണക്കുകൾ പ്രകാരം 81 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് സർവിസ് നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് ഓരോ വർഷവും നിലവിൽ യാത്ര ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 152 നഗരങ്ങളുമായി ദുബൈയെ നേരിട്ട് ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായി മാറിയതായി 40 വാർഷികത്തോട് അനുബന്ധിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു. എമിറേറ്റ്സ് ദേശീയ അഭിമാന ചിഹ്നങ്ങളിലൊന്നാണെന്നും വികസനയാത്രയുടെ സുപ്രധാന ചാലകശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.