ദുബൈ: യു.എ.ഇയിൽ വിസ ഉൾപ്പെടെയുള്ള അവശ്യ കോൺസുലാർ സേവനങ്ങൾ തടസ്സപ്പെട്ടതിലും, പാസ്പോർട്ട് നിരക്കുകൾ വർധിപ്പിച്ചതിലും ആശങ്ക രേഖപ്പെടുത്തി പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും അടിയന്തര നിവേദനം സമർപ്പിച്ചു.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരും യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന നിവേദനം നൽകിയത്.
സേവനങ്ങൾക്ക് തടസം നേരിട്ടതോടെ സാധാരണക്കാരായ തൊഴിലാളികളും പ്രവാസി കുടുംബങ്ങളും നിയമക്കുരുക്കുകളിലേക്കാണ് നീങ്ങുന്നത്. പാസ്പോർട്ട് പുതുക്കാൻ കഴിയാത്തത് മൂലം വിസ കാലാവധി തീരുന്നവർ യു.എ.ഇ നിയമപ്രകാരം പിഴയൊടുക്കേണ്ടി വരുമെന്ന ഭീതിയിലാണ്. അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങേണ്ടവരും മറ്റ് അടിയന്തര യാത്രകൾ ആവശ്യമുള്ളവരും യാത്രാരേഖകൾ ലഭിക്കാതെ വലയുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സേവനങ്ങൾ പോലും ലഭ്യമാകാത്ത സമയത്ത് പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് വർധിപ്പിച്ചത് പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. കോൺസുലാർ, പാസ്പോർട്ട് ഓപറേറ്റിങ് സംവിധാനങ്ങൾ പൂർവസ്ഥിതിയിലാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് പി.ഐ.എൽ.എസ്.എസ് യു.എ.ഇ ഭാരവാഹികളായ കെ.കെ. അഷ്‌റഫ് (പ്രസി.), അൽ നിഷാജ് ഷാഹുൽ (ജന. സെക്ര.), അഡ്വ. ഷാനവാസ് കാട്ടാക്കത്ത് (ചെയർ.) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിവേദനത്തിന്റെ പകർപ്പുകൾ കേരള മുഖ്യമന്ത്രി, നോർക്ക റൂട്ട്സ്, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.