പ്രതീകാത്മക ചിത്രം
ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി തുടരുന്നു. പാസ്പോർട്ട് സർവീസ് പുതിയ കമ്പനിക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക്ക് എന്ന സ്ഥാപനം കോടതിയിൽ ഫയൽ ചെയ്ത കേസ് ഇനിയും തീർപ്പായിട്ടില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ തങ്ങൾ സജ്ജമാണെന്ന് ടെണ്ടർ ഏറ്റെടുത്ത അൽഹിന്ദ് ഗ്ലോബൽ അധികൃതർ പറഞ്ഞു.
യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷfൽ ജൂൺ 25 മുതലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചത്. നേരത്തേ അറിയിച്ചത് പ്രകാരം ജൂലൈ ഒന്ന് മുതൽ അൽഹിന്ദ് ഗ്ലോബൽ ഈ സേവനങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ടെണ്ടറിൽ പങ്കെടുത്ത ഇ ട്രാവ് ടെക്, വെറാസിസ് എന്നീ സ്ഥാപനങ്ങൾ ടെണ്ടർ നടപടികളെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാറിന് എതിരെ സുപ്രീം കോടതിയെയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചത്.
കേസിൽ കോടതി നടപടികൾ തുടരുന്നതിനാൽ പുതിയ കമ്പനിക്ക് സേവനങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതാണ് പാസ്പോർട്ട് സേവനങ്ങളെ പ്രതിസന്ധിയിലാക്കി. താൽകാലികമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടാണ് അപേക്ഷ സ്വീകരിക്കുക.
കേസിൽ കോടതി വിധി വൈകുന്തോറും പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത. എന്നാൽ, എംബസിയുടെ അനുമതി ലഭിച്ചാൽ ഏത് സമയവും യു.എ.ഇയിലെ പാസ്പോർട്ട് സർവീസുകൾ ഏറ്റെടുക്കാൻ തങ്ങൾ സജ്ജരാണെന്ന് അൽഹിന്ദ് ഗ്ലോബൽ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനായി യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലായി 16 കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അൽഹിന്ദ് അധികൃതർ പറഞ്ഞു.
ജൂലൈ ഒന്ന് അൽഹിന്ദ് സേവനം ആരംഭിക്കാനിരിക്കെയാണ് ടെണ്ടർ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയേയും, ഡൽഹി ഹൈക്കോടതിയേയും സമീപിച്ചത്. വെറാസിസ് എന്ന കമ്പനിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതിൽ തീർപ്പുണ്ടാകുന്നത് വരെ പുതിയ കമ്പനിക്ക് സേവനങ്ങൾ കൈമാറാൻ നിയമതടസമുണ്ടാകും.
നേരത്തേ പാസ്പോർട്ട് സേവനം നൽകിയിരുന്ന ബി.എൽ.എസ് ഇന്റർനാഷനൽ പുതിയ കമ്പനി രംഗത്ത് വരുന്നതിന്റെ ഭാഗമായി ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു.
പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ജൂലൈ രണ്ടുമുതൽ അബൂദബിയിലെ ഇന്ത്യൻ എംബസിയും, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും താൽകാലികമായി നേരിട്ട് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെയാണ് ഈ കാര്യാലയങ്ങളിൽ അപേക്ഷ സ്വീകരിക്കുക. താൽകാലിക സംവിധാനമായതിനാൽ നിരവധി പരിമിതികൾ ഇതിനുണ്ട്.
പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ ഇവിടെ സ്വീകരിക്കൂ. ഫീസ് പണമായി മാത്രമേ നൽകാൻ കഴിയൂ. സ്ഥലപരിമിതിയുമുണ്ട്. അതുകൊണ്ട് തന്നെ അപേക്ഷകർ മാത്രമേ ഓഫീസുകളിലേക്ക് എത്താവൂ എന്ന് അധികൃതർ പ്രത്യേകം നിർദേശിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിന് മാത്രം രക്ഷിതാക്കൾക്ക് ഒപ്പം വരാമെന്നാണ് അറിയിപ്പ്. ഇപ്പോൾ തന്നെ പാസ്പോർട്ട് സേവനങ്ങളിൽ കാലതാമസം നേരിടുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. ഡൽഹി ഹൈക്കോടതിയിലെ കേസ് നീണ്ടുപോയാൽ പ്രതിസന്ധിയും നീളാനാണ് സാധ്യത.
അബൂദബി ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് ഇന്ന്
അബൂദബി: ഇന്ത്യൻ എംബസിയിൽ വെള്ളിയാഴ്ച നടക്കാനിരുന്ന ഓപൺഹൗസ് ഇന്നേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ പ്രശ്ന പരിഹാരങ്ങൾക്കായി എംബസി അധികൃതരെ നേരിൽ കാണാം. എമിറേറ്റിലെ തൊഴിൽ, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ മേഖലയിലെ പ്രശ്നങ്ങൾ ഓപൺഹൗസിൽ ഉന്നയിക്കാം. എന്നാൽ, ഈസമയം പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമായിരിക്കില്ലെന്ന് എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.