സാമ്പത്തിക സഹകരണ കരാർ: യു.എ.ഇ സംഘം ഇന്ന് ഇന്ത്യയിൽ

ദുബൈ: ഫെബ്രുവരിയിൽ ഒപ്പുവെച്ച ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ (സി.ഇ.പി.എ) ഭാഗമായി യു.എ.ഇ സംഘം ബുധനാഴ്ച ഇന്ത്യയിലെത്തും. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് എത്തുന്നത്. സർക്കാർ, സ്വകാര്യ വ്യാപാര മേഖലയിലെ പ്രതിനിധികളുമുണ്ടാകും. ഡൽഹിയിലും മുംബൈയിലുമായി യോഗങ്ങളും കൂടിക്കാഴ്ചകളും നടക്കും.

ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് അഞ്ച് വർഷത്തിനുള്ളിൽ 100 ശതകോടിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ മേയ് ഒന്നിനാണ് നിലവിൽ വന്നത്. അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതടക്കമുള്ള നടപടികൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ നികുതിയില്ലാതെ ആദ്യ ചരക്ക് യു.എ.ഇയിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കാണ് സംഘം ഇന്ത്യയിൽ എത്തുന്നത്.

ഇന്ത്യയിലെ നിക്ഷേപസാധ്യത പഠിക്കുക എന്നത് സംഘത്തിന്‍റെ ലക്ഷ്യമാണ്. വ്യവസായിക ഉൽപാദനം, സിവിൽ ഏവിയേഷൻ, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യസുരക്ഷ, ഗതാഗതം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്കൽ സേവനങ്ങൾ, കാർഷിക സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയവയിലെ സഹകരണം ചർച്ചയാവും. ഇന്ത്യയിലെ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന മേധാവികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

യു.എ.ഇ സംഘത്തിലുള്ളവർ

യു.എ.ഇ സാമ്പത്തിക മന്ത്രാലയം, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, വ്യവസായ-നൂതന സാങ്കേതിക വകുപ്പ് മന്ത്രാലയം, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, അബൂദബി സാമ്പത്തിക വികസന വകുപ്പ്, അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, ഡി.എം.സി.സി, ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (ഷൂറൂഖ്), റാസൽ ഖൈമ ഇക്കണോമിക് സോണുകൾ (റാകിസ്), ഫുജൈറ സാമ്പത്തിക വികസന വകുപ്പ്, യു.എ.ഇ ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ, അബൂദബി പോർട്ട് ഗ്രൂപ്, മസ്ദർ, ഡി.പി വേൾഡ്, വിസ് എയർ അബൂദബി, ഫ്ലൈ ദുബൈ, ലുലു ഗ്രൂപ്, ഷറഫ് ഗ്രൂപ്, കാനൂ ഗ്രൂപ്, സിലാൽ കമ്പനി തുടങ്ങിയവയുടെ പ്രതിനിധികളാണ് ഇന്ത്യയിലെത്തുന്നത്.

Tags:    
News Summary - Economic Cooperation Agreement: UAE delegation in India today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.