അബൂദബി: അബൂദബി കോര്‍ണിഷ് അടക്കമുള്ള ഇടങ്ങളില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താക്കള്‍ക്കായി റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിനുമായി അബൂദബി പൊലീസ്. ശൈത്യകാലത്ത് തിരക്ക് കൂടുന്നതും അപകടസാധ്യത വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ബോധവത്കരണം. അബൂദബി മൊബിലിറ്റിയുമായി കൈകോർത്താണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ആധുനിക യാത്രാവാഹനമെന്ന നിലയില്‍ സ്വീകാര്യത നേടുന്ന ഇലക്ട്രിക് സ്കൂട്ടറുകള് ഗതാഗത നിയമം പാലിക്കുന്നുണ്ടെന്നും സുരക്ഷിത ഡ്രൈവിങ് രീതികള്‍ അവലംബിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം.
റൈഡര്‍മാര്‍ ഹെല്‍മറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നുണ്ടെന്നും നിര്‍ദിഷ്ട പാത ഉപയോഗിക്കുന്നുണ്ടെന്നും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പട്രോള്‍സ് അഫയേഴ്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സുഹൈല്‍ ഫറജ് അല്‍ ഖുബൈസി പറഞ്ഞു.
ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങളും പരിശോധിക്കും. നിന്നു യാത്രചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളില്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇലക്ട്രിക് സീറ്റുകളില്‍ സീറ്റ് പിടിപ്പിക്കാനോ ഒന്നിലധികം പേര് യാത്ര ചെയ്യാനോ പാടില്ല.
നിന്നു യാത്ര ചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടറിലും സൈക്കിളുകളിലും ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ. രണ്ടോ അതിലധികമോ ചക്രങ്ങളുള്ളതും ഒരു സീറ്റ് ഉള്ളതും മനുഷ്യപ്രയത്നത്തില്‍ ചവിട്ടി മാത്രം മുന്നോട്ടുനീങ്ങുന്നതുമായ സൈക്കിളുകളാണ് അനുവദനീയമായത്. ഇലക്ട്രിക് സ്കൂട്ടറില്‍ എന്ജിന് ഘടിപ്പിച്ചതാണെങ്കിലും ഒരാള്‍ക്ക് നിന്നു യാത്ര ചെയ്യാം. നിയമലംഘനം നടത്തുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.