ദുബൈ: മരുഭൂമിയിൽ സാഹസിക പ്രകടനത്തിനിടെ ഡ്യൂൺ ബഗ്ഗി മറിഞ്ഞ് പരിക്കേറ്റ ജർമൻ പൗരനായ 50 വയസ്സുകാരനെ രക്ഷിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ഹെലികോപ്ടറിലാണ് ദുബൈ പൊലീസ് ആശുപത്രിയിലെത്തിച്ചത്. മർഗാം മരുഭൂമിയിലാണ് മണലിൽ ബഗ്ഗി വാഹനത്തിൽ സഞ്ചരിക്കവെ അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതിനാലും അപകടം സംഭവിച്ചത് വിദൂര സ്ഥലത്തായതിനാലുമാണ് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റാശിദ് ഹോസ്പിറ്റലിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് കേണൽ പൈലറ്റ് ഖൽഫാൻ അൽ മസ്റൂയി അറിയിച്ചു. മരുഭൂമിയിലെ മണലിൽ സഞ്ചരിക്കുന്ന ഡ്യൂൺ ബഗ്ഗികൾ യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. രാജ്യത്താകമാനം വിവിധ മരുഭൂമികളിൽ ഇത് വാടകക്ക് നൽകിവരുന്നുണ്ട്. എല്ലാ സുരക്ഷാ മുൻകരുതലും ഏർപ്പെടുത്തി പ്രവർത്തിക്കുന്നതിനാൽ ഇവ അപകടത്തിൽപെടാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ തണുപ്പ് വർധിച്ചതോടെ മരുഭൂമികളിൽ പകലും രാത്രിയും ചെലവഴിക്കാൻ ധാരാളം പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.