ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടലായ എൻ.എച്ച് ദുബൈ ദി പാമിന്‍റെ രൂപരേഖ

ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടൽ നവംബറിൽ തുറക്കും

ദുബൈ: ഖത്തർ ലോകകപ്പിന്‍റെ ആവേശം ഒട്ടുംചോരാതെ ദുബൈയിലെത്തുന്ന ആരാധകരെയും അനുഭവിപ്പിക്കുന്നതിന് ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. ഫുട്ബാൾ ലോകകപ്പ് കാലയളവിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബാൾപ്രേമികൾക്ക് താവളമൊരുക്കാനും ദോഹക്ക് പോയിവരാനും അവസരമൊരുക്കുന്ന രീതിയിലായിരിക്കും ഹോട്ടലിന്‍റെ പ്രവർത്തനം. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള എൻ.എച്ച് ദുബൈയാണ് മേഖലയിലെ ഏറ്റവും വലിയ കായികമേള നടക്കുന്ന വേളയിൽ ഫുട്ബാൾ ആരാധകരുടെ ഹോട്ട്സ്പോട്ടാകാൻ ഒരുങ്ങുന്നത്.

നവംബർ 21ന് ഖത്തർ ലോകകപ്പ് തുടങ്ങുന്ന നാൾ അടുക്കുംതോറും യു.എ.ഇയിൽ താമസിച്ച് മത്സരങ്ങൾ കാണാൻ പോകാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്‌ബാൾ ആരാധകരുടെ ഹോട്ടൽമുറികൾക്കുള്ള ആവശ്യം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ് ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾതന്നെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയിൽനിന്ന് ഓരോ ദിവസവും കളികാണാൻ പോകാൻ വിവിധ വിമാനക്കമ്പനികൾ ഷട്ട്ൽ സർവിസുകൾകൂടി ഏർപ്പെടുത്തിയതോടെയാണ് തിരക്ക് വർധിച്ചത്. ഖത്തറിൽ ബുക്കിങ് നേരത്തേതന്നെ തുടങ്ങിയതിനാൽ അടുത്ത ഓപ്ഷൻ എന്ന നിലയിലാണ് ദുബൈയെ തെരഞ്ഞെടുക്കുന്നത്.

ദുബൈയിൽനിന്നു ഖത്തറിലേക്കുള്ള വിമാനയാത്ര, എയർപോർട്ട് ട്രാൻസ്‌ഫറുകൾ, പുതിയ എൻ.എച്ച് ദുബൈ ദി പാമിൽ താമസസൗകര്യം എന്നിവയടങ്ങുന്ന പാക്കേജാണ് എക്‌സ്‌പാറ്റ് സ്‌പോർട് ടൂറിസം ഏജൻസി ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബാൾ ഫാൻസ് ദുബൈ എക്‌സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്നത്. മത്സര ടിക്കറ്റുകൾ അടക്കമുള്ള പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജുകളാണുള്ളത്. ദുബൈയുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെ ശ്രദ്ധേയമാകുന്ന സംരംഭമായിരിക്കും ഇതെന്ന് എക്‌സ്‌പാറ്റ് സ്‌പോർട്ടിന്‍റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ സ്യൂ ഹോൾട്ട് പറഞ്ഞു. 'ഞങ്ങളുടെ അതിഥികൾക്ക് ഇതൊരു സവിശേഷ അനുഭവമാക്കി മാറ്റുന്നതിന് ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക പങ്കാളികളുമായി സഹകരിക്കുന്നുണ്ട്. ഒരു സ്പെഷലിസ്റ്റ് സ്പോർട്സ് ടൂർ ഓപറേറ്റർ എന്ന നിലയിൽ, ഫുട്ബാൾ ആരാധകരുടെ യാത്ര ആവശ്യങ്ങൾ നന്നായിട്ടറിയാം. അത് സാധാരണ അവധിയാഘോഷത്തിൽനിന്ന് വ്യത്യസ്തമായിരിക്കും.

ആദ്യമായി ഈ മേഖലയിലേക്ക് വരുന്ന രാജ്യാന്തര ആരാധകർക്ക് പാമിലെ മനോഹരമായ സ്ഥലത്ത് സമാന ചിന്താഗതിക്കാരോടൊപ്പം വിശ്രമിക്കാനുള്ള അപൂർവ അവസരമാണ് ഒരുക്കുന്നത്' -അദ്ദേഹം പറഞ്ഞു.

നവംബർ ആദ്യം തുറക്കുന്ന എൻ.എച്ച് ദുബൈ ദി പാം 533 മുറികളുള്ള ആധുനിക ഹോട്ടലാണ്. ഒരുമാസം നീളുന്ന ലോകകപ്പ് ടൂർണമെന്‍റിലുടനീളം അതിഥികൾക്കായി ഇവിടെ ചലഞ്ചുകളും മത്സരങ്ങളുമൊരുക്കും. ഹോട്ടലിനെ ഒരു ഫാൻ സോണാക്കി മാറ്റി ആവേശകേന്ദ്രമാക്കുന്നതിനാണ് നടത്തിപ്പുകാരുടെ നീക്കം. ഒരു ദിവസത്തെ യാത്രക്കായി ദോഹയിലേക്കു പറക്കുകയും ഹോട്ടലിൽ താമസിക്കുകയും ചെയ്യുന്നവർക്ക് മത്സരങ്ങൾ കാണുന്നതിന് നഗരത്തിനു ചുറ്റുമുള്ള മറ്റു ഫാൻ സോണുകളിലേക്കു ടിക്കറ്റുകളും കിഴിവുകളും നൽകും.

ഔദ്യോഗിക ഫാൻ സോണുകളായ ദുബൈ ഹാർബർ, കൊക്കകോള അരീന, ഡി.ഐ.എഫ്‌.സിയിലെ ഫുട്‌ബാൾ പാർക്ക് എന്നിവിടങ്ങളിൽ ആരാധകർക്കു മത്സരങ്ങൾ കാണുന്നതിന് ഷട്ടിൽ ബസുകൾ ഏർപ്പെടുത്തും.

ദുബൈ, ഷാർജ എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്ക് എയർ അറേബ്യയും ഫ്ലൈ ദുബൈയും ലോകകപ്പ് ദിനങ്ങളിൽ 45ലധികം ഷട്ടിൽ ഫ്ലൈറ്റുകൾ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരങ്ങളുടെ നാലു മണിക്കൂർ മുമ്പ് ഖത്തറിൽ എത്തുകയും മത്സരം കഴിഞ്ഞ് നാലു മണിക്കൂറിനുശേഷം മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്ര. ലോകകപ്പ് കാലത്ത് മാച്ച് ടിക്കറ്റും ടൂറിസ്റ്റ് വിസയും കൈയിലുള്ളവർക്കു മാത്രമാണ് ഖത്തറിലേക്ക് യാത്രാനുമതിയുള്ളത്.

ലോകകപ്പ് കാലത്ത് യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിൽ രൂപപ്പെടുന്ന ഉണർവ് മറ്റു വാണിജ്യ-വ്യവസായ മേഖലകളെയും സഹായിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Dubai's first football-themed hotel to open in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.