ദുബൈ: നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തില്‍ ദുബൈ ടാക്‌സി കമ്പനിയുടെ ലാഭത്തില്‍ നേരിട്ടത് 39 ശതമാനത്തിന്‍റെ ഇടിവ്. 2026 ജനുവരിയിലും ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും മാര്‍ച്ചില്‍ ഉടനീളം പശ്ചിമേഷ്യന്‍ യുദ്ധപ്രതിസന്ധി കമ്പനിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയായിരുന്നു.
ജനുവരിയിലും ഫെബ്രുവരിയിലും കമ്പനിയുടെ അറ്റ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വീതം വര്‍ധനവ് നേടിയിരുന്നു. കമ്പനിയുടെ സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ഇവയുടെ എണ്ണം കൂട്ടുകയും ചെയ്തതിലൂടെയായിരുന്നു ദുബൈ ടാക്‌സി കമ്പനി അറ്റ ലാഭത്തില്‍ നേട്ടമുണ്ടാക്കിയിരുന്നത്. എന്നാല്‍, ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം മേഖലയില്‍ അസ്ഥിരതയ്ക്ക് കാരണമാവുകയും കമ്പനിയുടെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതോടെ മാര്‍ച്ചില്‍ വളരെക്കുറച്ച് സര്‍വീസുകള്‍ മാത്രമാണ് നടത്താനായതെന്നും ദുബൈ ടാക്‌സി കമ്പനി ഗ്രൂപ്പ് സി.ഇ.ഒ മന്‍സൂര്‍ റഹ്‌മ അല്‍ ഫലാസി പറഞ്ഞു.
അതേസമയം ഈ പ്രതിസന്ധി ഘട്ടത്തിലും യു.എ.ഇയിലുടനീളം ഉപയോക്താക്കള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026ലെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം കുറവാണ് വരുമാനത്തിലുണ്ടായത് (55.11 കോടി ദിര്‍ഹം). ജനുവരിയിലും ഫെബ്രുവരിയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 10 ശതമാനം വര്‍ധനവ് ഉണ്ടായിരുന്നു. കമ്പനിയുടെ ടാക്‌സി വിഭാഗത്തില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 45.53 കോടി ദിര്‍ഹമായിരുന്നു വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണ് ഇക്കാലയളവില്‍ ഉണ്ടായത്. മാര്‍ച്ചിലെ സര്‍വീസ് കുറവാണ് ഇതിനു കാരണം. 2026 മാര്‍ച്ച് വരെ 594 ഇലക്ട്രിക് വാഹനങ്ങളടക്കം 6217 ടാക്‌സി വാഹനങ്ങളാണ് ദുബൈ ടാക്‌സി കമ്പനിയുടെ പക്കലുള്ളത്. ലിമോസിന്‍ വിഭാഗത്തില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15 ശതമാനം കുറവോടെ കൈവരിച്ചത് 2.92 കോടി ദിര്‍ഹമായിരുന്നു.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായതാണ് ഇതിനു കാരണം. അതേസമയം ബസ് സർവിസ് വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധനവോടെ 3.37 കോടി ദിര്‍ഹം വരുമാനം കൈവരിക്കാന്‍ കമ്പനിക്കായി. ഇക്കാലയളവില്‍ ഡെലിവറി ബൈക്ക് വിഭാഗത്തില്‍ വലിയ വളര്‍ച്ചയും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം അധിക വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 2.66 കോടി ദിര്‍ഹമായിരുന്നു കമ്പനിയുടെ വരുമാനം. 2026 ആദ്യ പാദത്തില്‍ ടാക്‌സി, ലിമോസിന്‍ വിഭാഗത്തിലായി കമ്പനി 1.1 കോടി ട്രിപ്പുകളാണ് നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ കുറവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.