ദുബൈ: 1.40 കോടി ദിർഹം കൊള്ളയടിച്ച സംഭവത്തിൽ ഒമ്പതംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. മോഷണം നടന്ന് 12 മണിക്കൂറിനകമാണ് ഒമ്പതംഗ ഏഷ്യൻ സംഘത്തെ സമീപ എമിറേറ്റിൽ നിന്ന് പിടികൂടിയതെന്നും പണം കണ്ടെടുത്തതായും കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അറിയിച്ചു. എ.ടി.എം യന്ത്രത്തിൽ നിറക്കാൻ പണം കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മോഷണം നടന്നതായി ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച മുറഖബാത്ത് മേഖലയിലായിരുന്നു സംഭവം. പണം തട്ടിയെടുത്ത സംഘം അജ്ഞാത സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.
അന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനും വ്യത്യസ്ത സംഘങ്ങൾക്ക് രൂപം നൽകിയാണ് മുന്നോട്ടുനീങ്ങിയതെന്ന് അന്വേഷണ വിഭാഗം മേധാവി കേണൽ അദീൽ അൽ ജോക്കർ പറഞ്ഞു. വ്യവസായ മേഖലയിൽ ഒളിച്ചു നിന്ന സംഘത്തെ 12 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റു ചെയ്യാനുമായി. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അമർച്ച ചെയ്യാൻ ദുബൈ പൊലീസ് സർവസജ്ജമാണെന്ന് കേണൽ അൽ ജോക്കർ പറഞ്ഞു. മോഷണം സാധ്യമാവാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പണ സഞ്ചികൾ ഉപയോഗിക്കണമെന്ന് പണമിടപാട് സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ ദുബൈ പൊലീസ് തീരുമാനിച്ചിരുന്നു. അടുത്ത വർഷത്തോടെ ഇൗ നിബന്ധന കർശനമാക്കും. മോഷണത്തിന് ശ്രമിച്ചാൽ അലാറം ശബ്ദിക്കുന്നതും ജി.പി.എസ് സംവിധാനം കൊണ്ട് ട്രാക്ക് ചെയ്യാൻ പറ്റുന്നതുമാണ് ബാഗുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.