ചൈനയിലെ ഈന്തപ്പനകൾ കായ്കൾ നിറഞ്ഞു; വിളവെടുത്തത് യു.എ.ഇ നൽകിയ സമ്മാനം

ദുബൈ: യു.എ.ഇയിൽ മുളച്ച് ചൈനയിൽ വേരാഴ്ത്തിയ സൗഹൃദമരങ്ങളിൽ മധുരമൂറും വിളവെടുപ്പ്. യു.എ.ഇയിൽനിന്ന് ചൈനയിലെത്തിച്ച ഈന്തപ്പനകളാണ് വൻതോതിൽ വിളവെടുത്തത്. തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലുള്ള വെൻചാങ് സിറ്റി, യുനാൻ പ്രവിശ്യയിലെ യുവാൻജിയാങ് കൗണ്ടി, സിചുവാൻ പ്രവിശ്യയിലെ പാൻഷീഹുവ സിറ്റി എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ഈന്തപ്പഴ വിളവെടുപ്പ് പൂർത്തിയായത്. 2025ൽ വെൻചാങ്ങിൽ ആദ്യമായി ഈന്തപ്പന കായ്ച്ച ശേഷം ചൈനയുടെ ഉൾനാടൻ പ്രദേശങ്ങളിൽ യു.എ.ഇ ഈന്തപ്പനകൾ മികച്ച അളവിൽ ഫലം നൽകുന്നത് ഇതാദ്യമായാണ്.

ചൈനയിലെ ഈന്തപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുലക്ഷം ഈന്തപ്പന തൈകൾ നൽകുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചത് 2019ലാണ്. ഇതിന്‍റെ ഭാഗമായി 2021ൽ കൈമാറിയത് 1,500 തൈകൾ. ഇവ ചൈനയുടെ മണ്ണിൽ നട്ടുവർത്തിയത് വൻ വിജയമായി. അന്ന് നട്ട തൈകളിൽ 93 ശതമാനവും പുതിയ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് തഴച്ചുവളർന്നു. തുടർന്ന് 23,500 തൈകളുടെ രണ്ടാമത്തെ ബാച്ചും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക സഹകരണം ശക്തമാക്കാനും ഭക്ഷ്യസുരക്ഷയും സാമ്പത്തിക വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈന്തപ്പന തൈകളുടെ കൈമാറ്റം.

ഇത്തവണ വിളവെടുപ്പിൽ വിവിധ കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വെൻചാങ് കേന്ദ്രത്തിൽ എട്ട് വ്യത്യസ്ത ഇനങ്ങൾ വീണ്ടും ഫലം നൽകിയപ്പോൾ യുവാൻജിയാങ് കേന്ദ്രത്തിലെ 52 പനകളും പാൻഷീഹുവ കേന്ദ്രത്തിലെ 125 പനകളും ആദ്യമായി കായ്ച്ചു. 2024 ഒക്ടോബറിൽ രണ്ട് ഹെക്ടറിൽ ആരംഭിച്ച യുവാൻജിയാങ് കേന്ദ്രത്തിൽ ഒമ്പത് ഇനങ്ങളാണ് നട്ടിരുന്നത്. 2025 ജൂണിൽ നാല് ഹെക്ടറിലധികം സ്ഥലത്ത് 942 പനകളുമായി ആരംഭിച്ച പാൻഷീഹുവ കേന്ദ്രത്തിൽ, കൃഷി തുടങ്ങി ഒരു വർഷത്തിനകംതന്നെ പനകൾ ഫലം നൽകാൻ തുടങ്ങി. 

 ഹൈനാനിലെ വെൻചാങ്ങിൽ ആരംഭിച്ച പരീക്ഷണം ഇപ്പോൾ യുനാൻ, സിചുവാൻ തുടങ്ങിയ പ്രവിശ്യകളിലെ ചൂടും വരണ്ടതുമായ താഴ്‌വരകളിലേക്ക് വിജയകരമായി വ്യാപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കാർഷിക വിളകളിൽ വൈവിധ്യവൽകരണം കൊണ്ടുവരാൻ സഹായിക്കുന്ന ഈ പദ്ധതി, അനുയോജ്യമായ കാലാവസ്ഥയുള്ള ഉൾനാടൻ പ്രദേശങ്ങളിൽ കൂടുതൽ ഈന്തപ്പന കൃഷി വ്യാപിപ്പിക്കുന്നതിന് പുതിയ വഴിയൊരുക്കുന്നു.

Tags:    
News Summary - UAE-Gifted Date Palms Flourish and Yield Rich Harvest Across China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.