യു.എ.ഇയിൽ മഞ്ഞുപെയ്യുന്നു, അതിരാവിലെ തണുത്തുറഞ്ഞ് പ്രദേശങ്ങൾ

ദുബൈ: യു.എ.ഇയിൽ താപനില കുറഞ്ഞ് തണുപ്പുള്ള കാലാവസ്ഥ മടങ്ങിയെത്തിത്തുടങ്ങിയതോടെ അതിരാവിലെ രൂപപ്പെടുന്ന കനത്ത മഞ്ഞിന്‍റെ സീസണും ആരംഭിച്ചു. വൈകുന്നേരങ്ങളിലും രാവിലെയുമുള്ള സുഖകരമായ അന്തരീക്ഷം ജനങ്ങളെ ഔട്ട്‌ഡോർ വിനോദങ്ങളിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും, റോഡുകളിൽ കാഴ്ചപരിധി കുത്തനെ കുറക്കുന്ന മഞ്ഞ് ഡ്രൈവർമാർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

അന്തരീക്ഷത്തിൽ കാറ്റിന്‍റെ വേഗത കുറയുന്നതും തെളിഞ്ഞ ആകാശവും ഉയർന്ന ഈർപ്പവും (ഹ്യുമിഡിറ്റി) ആണ് പ്രധാനമായും മഞ്ഞ് രൂപപ്പെടാൻ കാരണം. അറബിക്കടലിൽനിന്ന് വടക്കുപടിഞ്ഞാറൻ കാറ്റിലൂടെ എത്തുന്ന ഈർപ്പം രാത്രിയോടെ കരയിലേക്ക് വ്യാപിക്കുകയും, താപനില കുറയുമ്പോൾ അന്തരീക്ഷത്തിന്‍റെ താഴ്ന്ന തട്ടുകളിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. അനുകൂല സാഹചര്യങ്ങളിൽ ആപേക്ഷിക ഈർപ്പം 90 മുതൽ 100 ശതമാനം വരെ ഉയരാറുണ്ട്.

സെപ്റ്റംബർ 23-ഓടെ ശരത്കാലം ആരംഭിച്ചതോടെയാണ് രാത്രികാല താപനിലയിൽ കുറവുണ്ടായത്. വരും മാസങ്ങളിൽ തണുപ്പ് ഇനിയും കൂടുന്നതോടെ മഞ്ഞിന്‍റെ സാന്നിധ്യം വർധിക്കും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ (എൻ.സി.എം) വിലയിരുത്തൽ അനുസരിച്ച് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യത്ത് കൂടുതൽ മഞ്ഞ് അനുഭവപ്പെടുക.

യു.എ.ഇയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ‘റേഡിയേഷൻ ഫോഗ്’ ആണ്. രാത്രി സമയങ്ങളിൽ ഭൗമോപരിതലം വേഗത്തിൽ തണുക്കുമ്പോൾ അതിന് തൊട്ടുമുകളിലെ വായുവും തണുക്കുകയും ഈർപ്പം ഘനീഭവിച്ച് മഞ്ഞായി മാറുകയും ചെയ്യുന്നു. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ ഇത് വേഗത്തിലാകും. അതേസമയം, ശക്തമായ കാറ്റുള്ള ദിവസങ്ങളിൽ വായു തമ്മിൽ കലരുന്നതിനാൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്.

ഉപഗ്രഹങ്ങളും വെതർ സ്റ്റേഷനുകളും വഴി അന്തരീക്ഷ താപനിലയും ‘ഡ്യൂ പോയന്‍റും’ തമ്മിലുള്ള വ്യത്യാസം നിരീക്ഷിച്ചാണ് കാലാവസ്ഥാകേന്ദ്രം മഞ്ഞ് പ്രവചിക്കുന്നത്. കാഴ്ചപരിധി 1,000 മീറ്ററിൽ (ഒരു കിലോമീറ്റർ) താഴെയാകുന്ന അവസ്ഥയെ ‘ഫോഗ്’ എന്നും 1,000 മീറ്ററിന് മുകളിലുള്ള അവസ്ഥയെ ‘മിസ്റ്റ്’ എന്നും തരംതിരിക്കുന്നു.

ചില സമയങ്ങളിൽ കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് താഴാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Tags:    
News Summary - UAE Enters Fog Season as Cooler Weather Returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.