ദുബൈ: എമിറേറ്റിലെ വിദ്യാർഥികൾക്ക് കുതിരയോട്ടത്തിന്റെ പാഠങ്ങൾ പകർന്ന് ദുബൈ പൊലീസിന്റെ ഏഴാമത് ശൈത്യകാല കുതിരയോട്ട ക്യാമ്പ്. വിവിധ രാജ്യക്കാരായ 120 വിദ്യാർഥികളാണ് ഇത്തവണത്തെ കുതിരയോട്ട ക്യാമ്പിൽ പങ്കെടുക്കുന്നത്. ദുബൈ പൊലീസിലെ പട്രോളിങ്ങിന് കുതിരയെ ഉപയോഗിക്കുന്ന ‘മൗണ്ടഡ് പൊലീസ്’ വിഭാഗമാണ് പരിപാടി ഒരുക്കിയത്. ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജന. മുഹമ്മദ് ഈസ അദ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഷിക വിൻറർ ക്യാമ്പുകൾ വിദ്യാർഥികളിലും യുവജനങ്ങളിലും കുതിരയോട്ടത്തെ കുറിച്ച അവബോധം ശക്തിപ്പെടുത്താനും ഇതുസംബന്ധിച്ച കഴിവും വിജ്ഞാനവും വർധിപ്പിക്കാനും ഉപകരിക്കുമെന്ന് ഡയറക്ടർ പ്രസ്താവിച്ചു. കുതിരയോട്ട പരിശീലനത്തിന് പുറമെ, കുതിരകളുടെ പരിചരണം, മയക്കുമരുന്നിനെതിരായ ക്ലാസുകൾ, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ബോധവത്കരണം, ഷൂട്ടിങ്, ഫീൽഡ് വിസിറ്റുകൾ, വിനോദപരിപാടികൾ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്.
പൊലീസും പൊതുസമൂഹവും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനും യുവാക്കൾക്കും വിദ്യാർഥികൾക്കും വിവിധ വിഷയങ്ങളിൽ അവബോധം പകരാനും ക്യാമ്പിലൂടെ സാധിച്ചതായി ഡയറക്ടർ ഈസ അദ്ബ് പറഞ്ഞു. സമൂഹത്തിന്റെ സന്തോഷം വർധിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പൊലീസ് നടപ്പിലാക്കിയത്. ഏഴ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് എല്ലാവർഷവും ക്യാമ്പ് ഒരുക്കുന്നത്. വിവിധ മേഖലകളിൽ വിദഗ്ധരായ നിരവധിപേർ ക്യാമ്പിൽ കുട്ടികളുമായി സംവദിക്കുന്നുണ്ട്.കുതിരകളെ പരിപാലിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികതകളും രീതിശാസ്ത്രങ്ങളും കുട്ടികളെ ക്യാമ്പിൽ പരിചയപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.