ദുബൈ: ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബൈ ലോക മാരത്തൺ ഞായറാഴ്ച എക്സ്പോ സിറ്റിയിൽ നടക്കും. 10,000 ലേറെ പേരാണ് മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, എക്സ്പോ സിറ്റിയിലെ സ്ഥല സൗകര്യങ്ങൾ കണക്കിലെടുത്ത് ഇവിടേക്ക് മാറ്റുകയായിരുന്നു. ദുബൈ സ്പോർട്സ് കൗൺസിലാണ് സംഘാടകർ.
ദുബൈയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്. മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുന്നത്. ഇതിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്. ദുബൈ സ്പോർട്സ് കൗൺസിലിന് പുറമെ ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽ അമീൻ സർവീസ്, എമിറേറ്റ്സ് അസോസിയേഷൻ ഫോർ കെയർ ആൻഡ് കൈൻഡ്നെസ് ഓഫ് പേരൻറ്സ് തുടങ്ങിയവരും മാരത്തണിന്റെ സംഘാടനത്തിൽ ഭാഗമാണ്.
ഇതിന് പുറമെ, പ്രശസ്തമായ ദുബൈ 92 സൈക്കിൾ ചലഞ്ചിന്റെ 13ാം എഡിഷനും ഈ ആഴ്ച അരങ്ങേറുന്നുണ്ട്. ഫെബ്രുവരി 19നാണ് മത്സരം. 2000 സൈക്ലിസ്റ്റുകൾ പങ്കെടുക്കും. 35,000 ദിർഹമാണ് വിജയികളെ കാത്തിരിക്കുന്നത്. ഗ്രാൻ ഫോണ്ടോ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യത മത്സരം കൂടിയായ ദുബൈ ചലഞ്ച് അരങ്ങേറുന്നത്. ഇന്റർനാഷനൽ സൈക്ലിങ് യൂനിയന് കീഴിൽ ദുബൈ സ്പോർട്സ് കൗൺസിലിന്റെയും യു.എ.ഇ സൈക്ലിങ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 92 കിലോമീറ്റർ ദൈർഘ്യം വരുന്ന ടൂർണമെന്റിൽ പുരുഷ, വനിത സംഘങ്ങൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.