ശൈഖ് സായിദ് ഫെസ്റ്റിവൽ
ദുബൈ: രാജ്യമെങ്ങും ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ മുതൽ ഞായറാഴ്ച വരെ നീളുന്ന പെരുന്നാൾ അവധിക്കാലത്ത് രാജ്യത്തുടനീളം ഷോപ്പിങ് മാളുകൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയിൽ പ്രത്യേക ഓഫറുകളും കുടുംബസൗഹൃദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഈദിന് മുന്നോടിയായി വസ്ത്രങ്ങൾ, മിഠായികൾ, സമ്മാനങ്ങൾ എന്നിവക്കായി ഷോപ്പിങ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.അബൂദബിയിൽ ശൈഖ് സായിദ് ഫെസ്റ്റിവൽ തന്നെയാണ് മുഖ്യ ആകർഷണം. നവംബർ മുതൽ നടന്നുവരുന്ന ഫെസ്റ്റിവലിൽ ആയിരക്കണക്കിന് സാംസ്കാരിക-വിനോദ പരിപാടികൾ ഉൾപ്പെടും. സന്ദർശകർക്ക് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, സാദിയാത്ത് സാംസ്കാരിക മേഖല, യാസ് ദ്വീപ് എന്നിവിടങ്ങളിലെ വിനോദ സൗകര്യങ്ങളും ആസ്വദിക്കാൻ അവസരമുണ്ട്. കൂടാതെ അൽഐനിൽ ‘ഗൈഥ അൽഐൻ’ ഫെസ്റ്റിവൽ മാർച്ച് 20 മുതൽ 27 വരെ ‘അഡ്നെകി’ൽ നടക്കും.
ദുബൈയിൽ ‘സീസൺ ഓഫ് വുൾഫ’ മാർച്ച് 23 വരെ തുടരും. എക്സ്പോ സിറ്റിയിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ പ്രത്യേക ഈദ് ആഘോഷങ്ങളും കുടുംബപരിപാടികളും നടക്കും. നഗരത്തിലെ പ്രധാന മാളുകളിലും ഹോട്ടലുകളിലും പ്രത്യേക ഓഫറുകളും വിനോദ പരിപാടികളും സജ്ജമാണ്.
ഷാർജയിൽ ഷാർജ റമദാൻ ഫെസ്റ്റിവൽ 2026 ഈദിന് ശേഷവും തുടരും. കൂടാതെ ഖോർഫക്കാൻ ആംഫിതിയേറ്റർ, അൽ ഹീറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട് തുടങ്ങിയ വിനോദകേന്ദ്രങ്ങളും സന്ദർശകരെയും കുടുംബങ്ങളെയും സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. അജ്മാനിലെ അജ്മാൻ മ്യൂസിയം, ഉമ്മുൽഖുവൈനിലെ ഡ്രീംലാൻഡ് ആക്വാപാർക്ക്, റാസൽഖൈമയിലെ ജബൽജെയ്സ് ഫ്ലൈറ്റ്, ഫുജൈറയിലെ വാദി വുറയ്യ പോലുള്ള കേന്ദ്രങ്ങളും ഈദ് അവധിക്കാലത്ത് സന്ദർശകരെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.