ദുബൈ: രാജ്യത്തിനകത്തും പുറത്തുമുള്ള കായികപ്രേമികളും വിനോദസഞ്ചാരികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മാരത്തണിന്റെ റൂട്ടുകൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി ഏഴിന് നടക്കുന്ന 23ാമത് ദുബൈ മാരത്തൺ ഉമ്മു സുഖൈം റോഡിൽനിന്ന് ആരംഭിക്കും. ഫിനിഷിങ് പോയന്റും ഉമ്മു സുഖൈം തന്നെയാണ്.
നാല് കിലോമീറ്റർ ഫൺ ആൻഡ് റൺ, 10 കിലോമീറ്റർ ഓട്ടം, 42.195 കിലോമീറ്റർ മാരത്തൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവർക്കും പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ദുബൈ സ്പോർട്സ് കൗൺസിൽ, ദുബൈ പൊലീസ്, ദുബൈ ആർ.ടി.എ എന്നിവരാണ് സംഘാടകർ.
മൂന്ന് വകുപ്പുകൾ തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് സ്റ്റാർട്ടിങ് പോയന്റ് നിശ്ചയിച്ചതെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഈദ് ഹറിബ് പറഞ്ഞു.
മൂന്ന് വിഭാഗങ്ങളിലായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dubaimarathon.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ദുബൈ പൊലീസ് അക്കാദമിക്കടുത്ത ഉമ്മു സുഖൈം റോഡിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ ജുമൈറ ബീച്ച് റോഡിലൂടെ 42.195 കിലോമീറ്റർ സഞ്ചരിച്ച് ഉമ്മു സുഖൈം റോഡിൽ തിരികെയെത്തുന്ന രീതിയിലാണ് ക്രമീകരണം.
ദുബൈ സ്പോർട്സ് കൗൺസിൽ, ദുബൈ പൊലീസ്, ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുമായി ചേർന്ന് മാരത്തണിനുള്ള ഒരുക്കങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇവന്റ് ഡയറക്ടർ പീറ്റർ കൊനർട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.