ശൈഖ് ഹംദാനും ശൈഖ് മക്തൂമും അവലോകന യോഗത്തിൽ സംസാരിക്കുന്നു
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയും ലാൻഡ് വകുപ്പും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ഭരണാധികാരികൾ അവലോകനം ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമുമാണ് ഭാവി പരിപാടികൾ അവലോകനം ചെയ്തത്. സർക്കാറിന്‍റെ സുപ്രധാന വകുപ്പുകളുടെ പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച് ദുബൈ കൗൺസിൽ അംഗം മാത്വാർ അൽതായർ വിശദീകരിച്ചു.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്‍റെ കഴിഞ്ഞ യോഗത്തിലാണ് ദുബൈ മുനിസിപ്പാലിറ്റിയും ലാൻഡ് ഡിപ്പാർട്മെന്‍റും പുനഃക്രമീകരിക്കുന്നതിന് തീരുമാനമെടുത്തത്.
രണ്ട് സ്ഥാപനങ്ങളുടെയും സമീപകാലത്തെ പ്രകടനവും പദ്ധതികളും ഇരു ഭരണാധികാരികളും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അവലോകനം ചെയ്യുകയും കൂടുതൽ മികവ് പുലർത്തുന്നതിനാവശ്യമായ പദ്ധതികൾ വികസിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
രാജ്യത്തിന്‍റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ സർക്കാർ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും മത്സരശേഷി വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. മുനിസിപ്പാലിറ്റിയുടെയും ലാൻഡ് ഡിപ്പാർട്മെന്‍റിന്‍റെയും സമഗ്രമായ പുനഃക്രമീകരണം ദുബൈ ലോകത്തെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പരിസ്ഥിതി സുസ്ഥിരത, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നിവയുൾപ്പെടെ വിവിധ ആഗോള സൂചകങ്ങളിൽ നഗരത്തിന്‍റെ റാങ്കിങ് ഉയർത്താനും ഇതിലൂടെ ആഗ്രഹിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ: സർക്കാർ വകുപ്പുകളുടെ പുനഃക്രമീകരണത്തിലൂടെ ദുബൈയിൽ സ്വകാര്യമേഖലക്ക് കൂടുതൽ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ. ആഗോള നിലവാരത്തിൽ സേവനങ്ങൾ ലഭ്യമാകുന്ന ഒരു സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റാനാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയുമായി ഉൽപാദന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പ്രതിവർഷം 10 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഇതിലൂടെ സ്വകാര്യ മേഖലക്ക് നിക്ഷേപത്തിന് സാധ്യതയേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.