ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ പുതുസീസൺ ഒക്ടോബർ 14 മുതൽ

ദുബൈ: ദുബൈയിലെ പ്രമുഖ സാംസ്കാരിക വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ 31-ാമത് സീസണിന്​ 2026 ഒക്ടോബർ 14ന്​ തുടക്കമാകും. ഒക്ടോബർ 14 മുതൽ 2027 മേയ് വരെയാണ് പുതിയ സീസൺ പ്രവർത്തിക്കുകയെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ തിശയകരമായ ലോകം) എന്ന പ്രമേയവുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

 

മുൻ സീസണുകളേക്കാൾ കൂടുതൽ ആകർഷകമായ വിനോദ പരിപാടികളും പുതിയ അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് 31-ാം സീസൺ ഒരുക്കിയിരിക്കുന്നത്​. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പുതിയ ഷോപ്പിങ്​, ഭക്ഷണശാലകൾ, കലാപരിപാടികൾ എന്നിവ ഇത്തവണ ഉണ്ടായിരിക്കും.

1997ൽ പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ വില്ലേജ് ദുബൈയിലെ വിനോദ-സാംസ്കാരിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. വിജയകരമായ മൂന്ന് പതിറ്റാണ്ടിലെത്തിനിൽക്കുന്ന ഗ്ലോബൽ വില്ലേജ്​ ഇതുവരെ 10 കോടിയിലധികം പേർ സന്ദർശിച്ചിട്ടുണ്ട്​.

 

കഴിഞ്ഞ സീസണിൽ 90-ലധികം രാജ്യങ്ങളുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന 30 പവലിയനുകളും, 3,500ൽപരം ഷോപ്പിങ്​ കേന്ദ്രങ്ങളും, 250ലധികം ഭക്ഷണശാലകളും ഉണ്ടായിരുന്നു. കൂടാതെ പതിനായിരക്കണക്കിന് കലാപരിപാടികളും കാർണവലിൽ 200ലേറെ റൈഡുകളും സന്ദർശകർക്കായി സജ്ജീകരിച്ചിരുന്നു.

ദുബൈ ഹോൾഡിങ്​ എന്‍റർടൈൻമെന്‍റിന്‍റെ കീഴിലാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. സീസൺ 31-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും വരും ദിവസങ്ങളിൽ പുറത്തുവിടും.

Tags:    
News Summary - Dubai Global Village Season 31 to Begin on October 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.