ദുബൈ: റസിഡൻഷ്യൽ കെട്ടിടങ്ങളിലെ മുറികൾ അനധികൃതമായി പങ്കിടുന്നതിനെതിരെയും മാറ്റങ്ങൾ വരുത്തുന്നതിനെതിരെയും കർശന നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ പല ഭാഗങ്ങളിലും മുറികൾ പങ്കിടുന്നത് സാധാരണ രീതിയാണ്.
എന്നാൽ, ഒരു മുറിയിൽ തന്നെ നിരവധി പേരെ അനുവദിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം അനധികൃത നടപടികൾക്കെതിരെ കർശന പരിശോധനയുമായി ദുബൈ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തുകയും നടപടിയെടുക്കുകയും ചെയ്തു. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്ന് വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫീൽഡ് പരിശോധന ദുബൈ മുനിസിപ്പാലിറ്റി നടത്തിയത്.
അൽ റിഗ്ഗ, അൽ മുറാഖബാത്ത്, അൽ ബർഷ, അൽ സത്വ, അൽ റിഫ തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിലായിരുന്നു പരിശോധന. പരിശോധനക്ക് മുന്നോടിയായി ഇത്തരം സ്ഥലങ്ങളിലെ കെട്ടിട ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
പരിശോധന വ്യാപകംകെട്ടിട ഉമടമകളുമായി നേരിട്ട് സംവദിക്കുകയും ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ താൽക്കാലികമായും സ്ഥിരമായും താമസ കെട്ടിടങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിലെ അപകടങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നതിന് ഇത്തരം പരിശോധനകൾ കരുത്തുപകരുന്നതായി മുനിസിപ്പാലിറ്റി വിലയിരുത്തി.
കുറഞ്ഞ വരുമാന ലക്ഷ്യമിട്ടാണ് പാർട്ടിഷൻ റൂമുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 600 ദിർഹം മുതൽ പാർട്ടിഷൻ ചെയ്ത മുറികൾ ലഭിക്കുമെന്ന തരത്തിൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും പരസ്യം നൽകാറുമുണ്ട്. എന്നാൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.