ദുബൈ എയർഷോ (ഫയൽ ചിത്രം)
ദുബൈ: വ്യോമയാന മേഖലയിലെ ആഗോള പ്രശസ്തമായ ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നടക്കും. രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മേളയിൽ ഇത്തവണ 1500ലേറെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനമുണ്ടാകും.
150ലേറെ രാജ്യങ്ങളിൽ നിന്നായി 1.48 ലക്ഷം പ്രഫഷനലുകളും നൂതന സംരംഭകരും ഭാവി വ്യോമയാന മേഖലയുടെയും ബഹിരാകാശ മേഖലയുടെയും സാങ്കേതികവിദ്യകൾ കാണാനും പരിചയപ്പെടാനുമായി മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസം നീളുന്ന മേളയിൽ വ്യോമയാന മേഖലയിൽ ശതകോടികളുടെ കരാർ ഒപ്പിടുമെന്നും പ്രതീക്ഷിക്കുന്നു.
2023ൽ നടന്ന മേളയിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം മാത്രം 23 ശതകോടി ദിർഹത്തിലേറെ ഇടപാടുകൾ എയർഷോയിൽ നടത്തിയിരുന്നു. കോവിഡിന് ശേഷം വ്യോമയാന മേഖല നടത്തിയ കുതിപ്പ് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ തവണത്തെ എയർഷോ.
48 രാജ്യങ്ങളിൽനിന്ന് വ്യാമയാന രംഗത്തെ 1400 പ്രദർശകർ പങ്കെടുത്ത കഴിഞ്ഞ മേളയിൽ ഒന്നേകാൽ ലക്ഷം സന്ദർശകരെത്തിയെന്നാണ് കണക്ക്. റെക്കോർഡുകൾ ഭേദിക്കുന്ന പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വ്യോമയാന രംഗത്തെ വിദഗ്ദർ വിവിധ സെഷനുകളിൽ സംസാരിക്കും. ഇന്ത്യയിൽ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും കഴിഞ്ഞ വർഷം മേളക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.