വീതികൂട്ടി നവീകരിക്കുന്ന ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലേക്കുള്ള പാലം

ദുബൈ വിമാനത്താവളം പാലം വീതികൂട്ടുന്നു; ടെർമിനൽ ഒന്നിലേക്ക്​ ഗതാഗതം എളുപ്പമാകും

ദുബൈ: യാത്രക്കാരുടെ സൗകര്യം ലക്ഷ്യമിട്ട്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലേക്ക്​ പോകുന്ന പാലം വീതികൂട്ടുകയും നവീകരിക്കുകയും ചെയ്യുന്നു. ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ), ദുബൈ വിമാനത്താവളവുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. പദ്ധതി നടപ്പിലാക്കാനുള്ള കരാർ നൽകിയതായി ആർ.ടി.എ അറിയിച്ചു.

പദ്ധതിയിൽ നിലവിലുള്ള മൂന്ന്​ വരി പാത നാലുവരി റോഡായി വികസിപ്പിക്കും. ഇതിനായി കമ്പോസിറ്റ് കോൺക്രീറ്റ് സ്ലാബുമായി സ്റ്റീൽ ബോക്സ് ഗർഡറുകൾ സംയോജിപ്പിക്കുന്ന നൂതന സംവിധാനം ഉപയോഗിച്ചാണ്​ പുതിയ പാലം നിർമ്മിക്കുകയെന്ന്​ ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയും ഉയർന്ന കാര്യക്ഷമതയുള്ളതുമായ സംവിധാനമെന്ന നിലയിലാണ്​ ഈ എൻജിനീയറിങ്​ രീതി തെരഞ്ഞെടുത്തിരിക്കുന്നത്​. അതോടൊപ്പം എയർപോർട്ട് റോഡിൽ ഗതാഗതം വഴിതിരിച്ചുവിടേണ്ടതോ പാലത്തിനടിയിൽ താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതോ ആവശ്യമുണ്ടാവുകയുമില്ല. പാലത്തിന്‍റെ ആകെ നീളം 172മീറ്ററായിരിക്കും.

സുരക്ഷയും ദൃശ്യപരതയും വർധിപ്പിക്കുന്നതിനായി പുതിയ തെരുവ് വിളക്കുകൾ, റോഡ് നടപ്പാത നവീകരണം, അടിസ്ഥാന സൗകര്യ സേവനങ്ങളുടെ നവീകരണം, ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കുന്ന ലാൻഡ്സ്കേപ്പിങ്​ ജോലികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. വിപുലീകരണം പാലത്തിന്റെ ശേഷി മണിക്കൂറിൽ 4,200ൽ നിന്ന് 5,600 വാഹനങ്ങളായി വർധിപ്പിക്കുമെന്നും ഇത് 33ശതമാനം വർധനവാണ് രേഖപ്പെടുത്തുകയെന്നും മതാർ അൽ തായർ കൂട്ടിച്ചേർത്തു.

നഗരത്തിലെ പ്രധാന ഭാഗങ്ങളിലും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങളിലേക്കുമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ്​ പദ്ധതിയെന്നും അധികൃതർ വ്യക്​തമാക്കി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നത്​ പരിഗണിച്ച്​ ഗതാഗതം എളുപ്പമാക്കുക, യാത്രാ സമയം കുറക്കുക, ഉപയോക്​താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ്​ നവീകരണം നടത്തുന്നത്​.

സമീപ വർഷങ്ങളിൽ ആർ.‌ടി.‌എ വിമാനത്താവള പരിസരത്ത്​ നിരവധി നവീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്​. എയർപോർട് സ്​ട്രീറ്റിന്‍റെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡ്​ മുതൽ കാസാബ്ലാങ്ക സ്​ട്രിറ്റ്​ വരെയുള്ള കവലയുടെ ഭാഗം നവീകരണം, അൽ റാശിദിയയിലെ പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം, കാസബ്ലാങ്ക സ്ട്രീറ്റ്, മാറാക്കിഷ് സ്ട്രീറ്റ്, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവയുമായുള്ള കവലകളിലെ ജംഗ്ഷനുകളുടെ നവീകരണം എന്നിവ പദ്ധതികളിൽ ഉൾപ്പെടും. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്​ 9.2കോടി യാത്രക്കാരാണ്​ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്​.

Tags:    
News Summary - Dubai Airport widens bridge; traffic to Terminal 1 will be easier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.