ഷാർജ പൊലീസ് പിടിയിലായ മയക്കുമരുന്നുകടത്ത് സംഘം
ഷാർജ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം ഷാർജ പൊലീസ് പിടിയിലായി. 17 കിലോഗ്രാം കൊക്കെയ്ൻ കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേരാണ് പിടിയിലായത്. ഷാർജ തുറമുഖം വഴി 12 കിലോ കൊക്കെയ്ൻ കടത്താൻ ശ്രമിക്കവേ സംഘത്തലവനെന്ന് സംശയിക്കുന്ന ഏഷ്യൻ വംശജനാണ് ആദ്യം പിടിയിലായത്. ഷാർജ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി നടത്തിയ പരിശോധനയിൽ സംശയകരമായ കാർഗോ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഷാർജ പൊലീസുമായി സഹകരിച്ച് ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ, നിയന്ത്രണ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മാജിത് സുൽത്താൻ അൽ അസം പറഞ്ഞു. മറ്റൊരു ഗൾഫ് രാജ്യത്തു നിന്ന് യു.എ.ഇയിൽ വന്നിറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് അടങ്ങിയ കാർഗോ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രണ്ട് ആഫ്രിക്കൻ വംശജരെയും കൈയോടെ പിടികൂടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
നാഷനൽ സെന്‍റർ ഫോർ ഏർളി ഇൻഫർമേഷന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മറ്റൊരു യാത്രക്കാരൻ ഗൾഫ് രാജ്യത്തുനിന്ന് യു.എ.ഇയിലെ മറ്റൊരു വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി തിരിച്ചറിഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുകിലോ മയക്കുമരുന്ന് കണ്ടെത്തിയത്. വിവിധ വിഭാഗങ്ങൾ പരസ്പരം സഹകരിച്ച് നടത്തിയ പരിശോധന ഫലമാണ് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിൽപ്പെട്ട കണ്ണികളെ പിടികൂടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.