പൊണ്ണത്തടി കുറക്കാൻ തുള്ളിമരുന്ന്​ ചികിത്സ

ദുബൈ: പൊണ്ണത്തടിക്കെതിരായ ചികിത്സയിൽ പുതിയ ചുവടുവെപ്പുമായി എമിറേറ്റ്​സ്​ ഡ്രഗ്​ എസ്റ്റാബ്ലിഷ്​മെന്‍റ് (ഇ.ഡി.ഇ)​. അമിതമായ പൊണ്ണത്തടി നിയന്ത്രിക്കുന്നതിന്​ കുത്തിവെപ്പ്​ ചികിത്സക്ക്​ പകരം തുള്ളിമരുന്ന്​ (ഓറൽ) ചികിത്സക്ക്​ ഇ.ഡി.ഇ ദുബൈയിൽ അംഗീകാരം നൽകി. ​പൊണ്ണത്തടി നിയന്ത്രിക്കുന്നതിനുള്ള നൂതനമായ ഓറൽ ചികിത്സയായ ഫൗണ്ടയോ (ഓർഫോഗ്ലി​പ്രോൺ)ക്കാണ്​ അംഗീകാരമായത്​​. ആഗോള ഔഷധ നിർമാണ കമ്പനിയായ ഇലി ലില്ലി വികസിപ്പിച്ച ഓറൽ മരുന്ന്​ ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ യു.എ.ഇ മാറിയതായി അധികൃതർ വ്യക്​തമാക്കി. നൂതനവും ഉയർന്ന നിലവാരവുമുള്ള തെറാപ്പികൾ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്​ പുതിയ ചുവടുമാറ്റം. പൊണ്ണത്തടി നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചുവരുന്ന പരമ്പരാഗത കുത്തിവെപ്പ്​ രീതികൾക്ക്​ ബദൽ ചികിത്സ രീതിയെന്ന നിലയിലാണ്​ ഓറൽ ചികിത്സയെ കാണുന്നത്​. ഇത്​ രോഗികളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും വേഗത്തിലുള്ള ഫലം കണ്ടെത്താനും സഹായിക്കും.

കാര്യക്ഷമത, നവീനത, സുസ്ഥിരത എന്നീ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട്​ മുൻനിര ഔഷധ നിർമാണ മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്‍റെ നിർദേശങ്ങൾക്കനുസരിച്ച്​ ആഗോള ഔഷധ നിർമാണ രംഗങ്ങളിലേക്ക്​ യു.എ.ഇയുടെ പ്രവേശനം വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ്​ പുതിയ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ വ്യക്​തമാക്കി. ഭക്ഷണവും വെള്ളവും ഒഴിവാക്കാതെ തന്നെ ദിവസത്തിൽ ഒരു തവണ കഴിക്കാവുന്ന തുള്ളിമരുന്നാണ്​ ഓർഫോർഗ്ലിപോൺ. ജീവിതശൈലി പരിഷ്കരണത്തിലും ആരോഗ്യ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പരിപാടിയുടെ ഭാഗമായി, വിശപ്പ് നിയന്ത്രിക്കാനും അമിതമായ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നതിലൂടെ ഈ ചികിത്സ ദീർഘകാലാടിസ്ഥാനത്തിൽ രോഗികളെ പിന്തുണയ്ക്കുമെന്ന്​ ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.

ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ്​ ഓറൽ ചികിത്സക്ക്​ ഇ.ഡി.ഇ അനുമതി നൽകിയിട്ടുളളതെന്നും അവർ കൂട്ടിച്ചേർത്തു. ഉയർന്ന ഡോസ്​ സ്വീകരിച്ച രോഗിക്ക്​ ശരാശരി 12.4 ശതമാനം തൂക്കം കുറഞ്ഞതായും പരീക്ഷണത്തിൽ വ്യക്​തമാക്കിയിരുന്നു. 2026 മേയ്​ മാസത്തോട്​ കൂടി മരുന്ന്​ യോഗ്യരായ രോഗികൾക്ക്​ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Drops to reduce obesity Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.