ദുബൈ: നഗരത്തിലെ തിരക്കേറിയ പാതയിൽ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർക്ക് 50,000 ദിർഹം പിഴ ചുമത്തി ദുബൈ ട്രാഫിക് പൊലീസ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനം പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച അൽ ഇത്തിഹാദ് റോഡിലാണ് മറ്റ് വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ യുവാവ് കാറോടിച്ചത്.
അമിത വേഗതയിൽ കാർ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് വാഹനമോടിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മറ്റ് വാഹനങ്ങളുമായും ഡിവൈഡറുമായും തട്ടി തട്ടിയില്ലാ എന്ന രീതിയിലായിരുന്നു യാത്ര. തുടർന്ന് വീഡിയോ പരിശോധിച്ച ദുബൈ പൊലീസ് ഡ്രൈവറെ തിരിച്ചറിയുകയായിരുന്നുവെന്ന് ദുബൈ പൊലീസിന്‍റെ ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.
വാഹനം പിടിച്ചെടുത്ത പൊലീസ് യുവാവിനെതിരെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കുമെന്നും ഇദ്ദേഹം അറിയിച്ചു. ഷാർജയിലേക്ക് പോകുന്ന അൽ ഖിയാദ ടണലിൽ വാഹനമെത്തിയപ്പോഴാണ് ദൃക്സാക്ഷികളിൽ ഒരാൾ വീഡിയോ എടുത്തത്. മൊബെൽ ഫോൺ ഉപയോഗിച്ചായിരുന്നു ഇയാൾ വാഹനമോടിച്ചതെന്നും വീഡിയോയിൽ വ്യക്തമായി.
അശ്രദ്ധമായ ഡ്രൈവിങ്, പൊതു സുരക്ഷക്ക് ഭീഷണിയുയർത്തൽ, പെട്ടെന്നുള്ള ലൈൻ മാറ്റം, നിശ്ചിത ലൈനിൽ തുടരുന്നതിൽ വീഴ്ച തുടങ്ങിയ ട്രാഫിക് കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇമാറാത്തുൽ യൗം റിപോർട്ട് ചെയ്തു. ഇത്തരം അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്‍റെ പൊലീസ് ഐ പ്ലാറ്റ്ഫോമിലോ വി ആർ ഓൾ പൊലീസ് സേവനത്തിലേക്ക് 901 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.